ദുബായ്: സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രണവിധേയമാക്കിയതിന് പിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഈ നടപടി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ദുബായിലേക്ക് വരേണ്ട ചില വിമാനങ്ങള്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
എമിറേറ്റ്സ് സര്‍വീസുകള്‍ നിര്‍ത്തി
ദുബായില്‍ നിന്നുള്ളതും ദുബായിലേക്കുള്ളതുമായ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു. തടസ്സങ്ങളില്‍ ഖേദം പ്രകടിപ്പിച്ച എമിറേറ്റ്സ്, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.
യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങള്‍ ഉറപ്പുവരുത്തുക. ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കുക. നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുന്നതാണ്. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Related News