റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന രാത്രികാല ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂറിനുള്ളില്‍ തൊടുത്തുവിട്ട 48 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളെല്ലാം തടസ്സപ്പെടുത്തി നശിപ്പിച്ചതായി മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി എക്‌സിലൂടെ വ്യക്തമാക്കി.
നിലവിലെ കണക്കുകള്‍ പ്രകാരം സൗദിക്ക് നേരെ വന്ന 230-ലധികം ഡ്രോണുകളും 30-ലധികം മിസൈലുകളും ഇതുവരെ പ്രതിരോധ സേന വെടിവെച്ചിട്ടിട്ടുണ്ട്. എന്നാല്‍ അയല്‍രാജ്യങ്ങളായ ബഹ്റൈനിലും യുഎഇയിലും ആക്രമണം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
125 മിസൈലുകളും 203 ഡ്രോണുകളും ബഹ്റൈന്‍ പ്രതിരോധ സേന തകര്‍ത്തു. ആക്രമണങ്ങളില്‍ ബഹ്റൈനില്‍ രണ്ട് പേരും മേഖലയിലാകെ 24 പേരും കൊല്ലപ്പെട്ടു. യുഎഇക്ക് നേരെ 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,600 ഡ്രോണുകളുമാണ് എത്തിയത്. ഇതുവരെ ആറ് മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ നിഷേധിച്ചു. ഇറാന്‍ നിര്‍മിത 'ഷാഹീദ്' ഡ്രോണുകള്‍ക്ക് സമാനമായ 'ലൂക്കാസ് ഡ്രോണുകള്‍' ഉപയോഗിച്ച് ശത്രുരാജ്യങ്ങള്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സൗദിയിലെ ഇറാന്‍ സ്ഥാനപതി അലിറേസ ഇനായത്തി ആരോപിച്ചു.
പകല്‍ സമയങ്ങളില്‍ ഇടവേള നല്‍കി രാത്രികാലങ്ങളില്‍ ആക്രമണം നടത്തുന്ന രീതിയാണ് ഇറാന്‍ പിന്തുടരുന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു.
Related News