അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വ്യോമപാത വീണ്ടും തുറന്നു. രാജ്യത്തുടനീളമുള്ള വ്യോമഗതാഗതം സാധാരണ നിലയിലായതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (GCAA) അറിയിച്ചു.
മേഖലയില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, വിമാനങ്ങളുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അതോറിറ്റി നേരത്തെ വ്യോമപാത അടച്ചിട്ടത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സ്വീകരിച്ച ഈ അസാധാരണ നീക്കം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ-പ്രവര്‍ത്തന വശങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് വ്യോമപാത പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ബന്ധപ്പെട്ട ഏജന്‍സികളുമായി അതോറിറ്റി ഏകോപനം നടത്തിയിരുന്നു. വ്യോമയാന സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനുമാണ് പ്രഥമ പരിഗണനയെന്നും ജിസിഎഎ ഊന്നിപ്പറഞ്ഞു.
യാത്രക്കാര്‍ ശ്രദ്ധിക്കാന്‍:
യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങള്‍ അറിയാന്‍ അതോറിറ്റിയുമായോ ബന്ധപ്പെട്ട എയര്‍ലൈനുകളുമായോ നേരിട്ട് ബന്ധപ്പെടണം.
വിമാനങ്ങള്‍ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങളും സഹായങ്ങളും പ്രാദേശിക അധികൃതരുമായി സഹകരിച്ച് എയര്‍ലൈനുകള്‍ നല്‍കും. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അസാധാരണമായ ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ നല്‍കിയ സഹകരണത്തിന് അതോറിറ്റി നന്ദി രേഖപ്പെടുത്തി. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും തുടരുമെന്നും ജിസിഎഎ അറിയിച്ചു.
Related News