അബുദാബി: യുഎഇ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതിനെത്തുടര്‍ന്ന് അബുദാബിയിലെ ബനിയാസ് മേഖലയില്‍ വീണ അവശിഷ്ടങ്ങള്‍ തട്ടി ഒരു പാകിസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ടു. മിസൈല്‍ വിജയകരമായി തടഞ്ഞെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതാണ് മരണത്തിന് കാരണമായതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് അടിയന്തര വിഭാഗം എത്തി പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്.
ഇറാന്‍ ആക്രമണം ആരംഭിച്ചതിന് ശേഷം യുഎഇയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ എട്ടായി ഉയര്‍ന്നു. ഇതില്‍ രണ്ട് സൈനികരും ഉള്‍പ്പെടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,627 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു.
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളില്‍ ഇതുവരെ രണ്ട് സൈനികരും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച സാധാരണക്കാര്‍. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സൈന്യം സര്‍വ്വസജ്ജമാണെന്നും ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഇന്നു പലര്‍ച്ചെ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ തീപിടുത്തമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ഫുജൈറയിലെ ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
Related News