നജ്റാന്‍- നഗരത്തിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഒരു കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തിയ സ്വദേശി വനിത സമാഹ് ബിന്‍ത് സൗദ് അല്‍ ദോസരിയെ നജ്റാന്‍ മേഖല ഗവര്‍ണര്‍ പ്രിന്‍സ് ജലവി ബിന്‍ അബ്ദുല്‍ അസീസ് ആദരിച്ചു. സമാഹിന്റെ സമയോചിതമായ ഇടപെടല്‍ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും സ്വത്തുക്കള്‍ നശിക്കുന്നത് ഒഴിവാക്കാനും സഹായിച്ചുവെന്ന് ഗവര്‍ണര്‍ തന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രശംസിച്ചു.
സമാഹിന്റെ ധീരവും മാനുഷികവുമായ നിലപാടില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണവും കരുണയും ഉണ്ടായിരിക്കണമെന്ന മതപരമായ അധ്യാപനങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഉന്നതമായ നിലപാടുകള്‍ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വദേശി യുവതിയുടെ ഈ പ്രവൃത്തി ഉത്തരവാദിത്തബോധത്തിന്റെയും സേവനമനോഭാവത്തിന്റെയും പ്രതിഫലനമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധത ഈ രാജ്യത്തെ ജനങ്ങളുടെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ പ്രവര്‍ത്തിക്കാനുള്ള സമാഹിന്റെ മനക്കരുത്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
നജ്റാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ നവാര്‍ ബിന്‍ അവാദ് അല്‍ ഒസൈമി, സമാഹിന്റെ പിതാവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ധീരതക്കുള്ള അംഗീകാരമായി ഗവര്‍ണര്‍ സമാഹിന് ഉപഹാരം കൈമാറി. ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തില്‍ കൂടുതല്‍ സുരക്ഷാബോധം വളര്‍ത്താന്‍ സഹായിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതരും വ്യക്തമാക്കി.
Related News