ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ സൗജന്യമായി കൈമാറാന്‍ വിപുലമായ വെബ്‌സൈറ്റ് സൗകര്യമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ. സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍, ഗേള്‍സ് ഇന്ത്യ ഖത്തര്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഉദ്യമം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ, മുന്‍ വര്‍ഷങ്ങളിലെ പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെ 'ദോഹ ബുക്ക് ഷെല്‍ഫ്' എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
https://siq.cicqatar.org എന്ന വെബ്‌സൈറ്റ് വഴിയാണ് പുസ്തകങ്ങളുടെ കൈമാറ്റം നടക്കുന്നത്. ഒരു ക്ലാസിലെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പുസ്തകങ്ങള്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യാം. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സൈറ്റിലൂടെ റിക്വസ്റ്റ് നല്‍കാവുന്നതാണ്. പുസ്തകം നല്‍കുന്ന ആള്‍ ഈ റിക്വസ്റ്റ് അംഗീകരിക്കുന്നതോടെ, ആവശ്യക്കാര്‍ക്ക് അദ്ദേഹവുമായി വാട്‌സ്ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാനും പുസ്തകങ്ങള്‍ കൈപ്പറ്റാനും സാധിക്കും.
പുതിയ പുസ്തകങ്ങള്‍ വാങ്ങുന്ന സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. പുസ്തകങ്ങള്‍ പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരസ്പര സഹകരണവും പങ്കുവെക്കല്‍ മനോഭാവവും വളര്‍ത്തുന്നതിനും ഇതുപകരിക്കും.
ഖത്തറിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലെയും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ കൈമാറാന്‍ 'ദോഹ ബുക്ക് ഷെല്‍ഫില്‍' സൗകര്യമുണ്ട്. വര്‍ഷങ്ങളായി സ്റ്റുഡന്റ്‌സ് ഇന്ത്യയും ഗേള്‍സ് ഇന്ത്യയും നടത്തിവരുന്ന ഈ സേവനം ഇത്തവണ വെബ്‌സൈറ്റ് വഴി കൂടുതല്‍ വിപുലമാക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
Related News