തെഹ്റാന്‍: അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം ചെയ്യാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 28-ന് യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട പിതാവ് ആയത്തുള്ള അലി ഖാംനഇയുടെ മരണത്തിന് ശേഷം 40 ദിവസം തികയുന്ന വേളയിലാണ് മുജ്തബയുടെ സന്ദേശം പുറത്തുവന്നത്.
'ഞങ്ങള്‍ യുദ്ധം ആഗ്രഹിച്ചിരുന്നില്ല, ഇപ്പോഴും അത് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു സാഹചര്യത്തിലും ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഉപേക്ഷിക്കില്ല,' ഖാനഇ പറഞ്ഞു.
ലെബനനില്‍ ഇസ്രായേലുമായി പോരാടുന്ന ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സഖ്യശക്തികളെ സൂചിപ്പിച്ചുകൊണ്ട്, 'പ്രതിരോധ നിരയെ' ഒറ്റക്കെട്ടായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത ഭീഷണികള്‍ക്ക് പിന്നാലെ, ഈ ആഴ്ച ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. സമാധാന ചര്‍ച്ചകളിലേക്ക് വഴിതുറന്നേക്കാവുന്ന ഈ സാഹചര്യത്തിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം ഇറാന്‍ ജനതയോട് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുകൊണ്ട് തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ഇനി ആവശ്യമില്ലെന്ന് ആരും കരുതരുത്. ചര്‍ച്ചകളുടെ ഫലത്തെ സ്വാധീനിക്കാന്‍ ജനങ്ങളുടെ ശബ്ദത്തിന് സാധിക്കുമെന്നും മുജ്തബ ഖമേനി വ്യക്തമാക്കി.
Related News