ജിസാന്‍: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സൗദി അറേബ്യയില്‍ അന്തരിച്ച ജിസാന്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഡേവിഡ് ബഞ്ചിയുടെ (62) മൃതദേഹം ജന്മനാടായ മംഗളൂരുവില്‍ സംസ്‌കരിച്ചു. ദക്ഷിണ കന്നഡയിലെ നോഡ് കാദ്രിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കഴിഞ്ഞ ദിവസം ജിസാനില്‍ നിന്ന് ജിദ്ദ വഴി ബംഗളൂരുവിലേക്ക് എത്തിച്ച മൃതദേഹത്തെ ഭാര്യ ഡോ. ഒട്ലിയ ജോസ്വിന ബഞ്ചിയും മകന്‍ ജോത്തം റാഫേല്‍ ബഞ്ചിയും അനുഗമിച്ചിരുന്നു.
നാലു മാസം മുമ്പ് മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടര്‍ചികിത്സകള്‍ക്കായി ദമദ് ജനറല്‍ ആശുപത്രിയിലും പിന്നീട് ഐദാബി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഐദാബി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ മാര്‍ച്ച് 19-നാണ് അദ്ദേഹം അന്തരിച്ചത്.
മംഗളൂരു സ്വദേശിയായ ഡോ. ഡേവിഡ് ബഞ്ചി 2018-ലാണ് ജിസാന്‍ സര്‍വകലാശാല കോളജ് ഓഫ് ഫാര്‍മസിയില്‍ പ്രൊഫസറായി നിയമിതനായത്. ഭാര്യ ഡോ. ഒട്ലിയ ജോസ്വിനയും അതേ കോളജിലെ പ്രൊഫസറാണ്. ഏക മകന്‍ ജോത്തം റാഫേല്‍ യു.കെയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്ത് നേതൃത്വം നല്‍കി. 'ജല' കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കല്‍, സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍ എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി.
Related News