റിയാദ്: സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി ഹനീന്‍ അബ്ദുസമദ് (15) യാത്രയായി. പത്താം ക്ലാസ് പരീക്ഷാ വിജയത്തിന്റെ ആവേശത്തില്‍, പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാനായി യൂണിഫോമണിഞ്ഞ് തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് ഈ കൗമാരക്കാരന്റെ ജീവനെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെ റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ഏപ്രില്‍ അഞ്ചിനായിരുന്നു ഹനീന്‍ വീട്ടില്‍ കുഴഞ്ഞു വീണത്. റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായിരുന്നു അന്ന്. പുത്തന്‍ യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് ഹനീന്‍ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അമീറ നൂറ യൂണിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മലപ്പുറം ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷന്‍ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്‌മാന്റെയും റിയാദ് അമീറ നൂറ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ. ഷയീന്റെയും മകനാണ്. സഹോദരങ്ങള്‍: ഹാദി അബ്ദുറഹ്‌മാന്‍ (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി), ഹയാ ഹബീബ് (രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി).
പത്താം ക്ലാസ് കഴിഞ്ഞു പിതാവും സഹോദരനും നാട്ടിലേക്ക് മടങ്ങിയപ്പോള്‍, റിയാദില്‍ ഉമ്മയ്ക്കും അനിയത്തിക്കും കൂട്ടിരിക്കാന്‍ തീരുമാനിച്ചത് ഹനീനായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിലും ഫുട്‌ബോള്‍ മൈതാനങ്ങളിലും മിടുക്കനായിരുന്ന ഹനീന്റെ അപ്രതീക്ഷിത വേര്‍പാട് കുടുംബത്തിനും പ്രവാസി മലയാളി സമൂഹത്തിനും വിങ്ങലായി മാറി.
മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഷറഫു പുളിക്കല്‍, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്‍ക്കാട് എന്നിവരുടെ മേല്‍നോട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ സഹായത്തിനുണ്ട്.
Related News