ദോഹ: വിദേശികള്‍ക്ക് താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ, നികുതിരഹിത ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ആറാം സ്ഥാനം. മികച്ച വരുമാനവും താരതമ്യേന സന്തുലിതമായ ജീവിതച്ചെലവും ഉറപ്പാക്കുന്ന രാജ്യമെന്ന നിലയിലാണ് അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്.
അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് വിദഗ്ധരായ 'വില്യം റസ്സല്‍' ആണ് ഈ റാങ്കിങ് പട്ടിക തയ്യാറാക്കിയത്. പ്രതിമാസ ജീവിതച്ചെലവ്, വസ്തുവകകളുടെ വില, വാടക, വൈദ്യുതി-വെള്ളം തുടങ്ങിയ യൂട്ടിലിറ്റി നിരക്കുകള്‍, വ്യക്തികളുടെ ശരാശരി ശമ്പളം എന്നീ പ്രധാന സൂചകങ്ങള്‍ വിശകലനം ചെയ്താണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.
ഖത്തറിലെ ശരാശരി പ്രതിമാസ ജീവിതച്ചെലവ് ഏകദേശം 861 ഡോളര്‍ (ഏകദേശം 3,137 റിയാല്‍). പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള യു.എ.ഇയില്‍ ശരാശരി പ്രതിമാസച്ചെലവ് 906 ഡോളര്‍ ആണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ബഹ്റൈനില്‍ ശരാശരി ജീവിതച്ചെലവ് 774 ഡോളര്‍ മാത്രമാണ്.
ശക്തമായ വരുമാന സാധ്യതയാണ് ഖത്തറിന്റെ മികച്ച റാങ്കിംഗിന് ആധാരമായ പ്രധാന ഘടകമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും മികച്ച ജീവിതനിലവാരവും ഒരുക്കുന്നതില്‍ ഖത്തര്‍ മുന്‍നിരയില്‍ തന്നെയാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
Related News