ലണ്ടന്‍: യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്ന കഠിനമായ ഉഷ്ണതരംഗത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍. താപനില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. പടിഞ്ഞാറന്‍ യൂറോപ്പിനെ ചുട്ടുപൊള്ളിച്ചുകൊണ്ട് കടന്നുപോകുന്ന ഉഷ്ണതരംഗം ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും തീവ്രവും വ്യാപകവുമാണെന്ന് ശാസ്ത്രജ്ഞര്‍. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ അസാധാരണ സാഹചര്യത്തിന് കാരണമെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ (WWA) സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ 850 നഗരങ്ങളില്‍ പകുതിയോളം ചരിത്രത്തിലെ ഏറ്റവും മോശമായ 'ഹീറ്റ് സ്‌ട്രെസ്' (ചൂടും ഈര്‍പ്പവും ചേര്‍ന്നുള്ള അവസ്ഥ) അനുഭവിക്കുകയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുമ്പോള്‍ ശരീരത്തിലെ വിയര്‍പ്പ് ബാഷ്പീകരിക്കുന്നത് തടസ്സപ്പെടുകയും ഇത് മനുഷ്യശരീരത്തെ കൂടുതല്‍ അപകടത്തിലാക്കുകയും ചെയ്യുന്നു. യുകെയില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയ 36.7 ഡിഗ്രി സെല്‍ഷ്യസ് ചൂട് ജൂണിലെ എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ്.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ആശ്വാസത്തിന് സാധ്യതയുണ്ടെങ്കിലും, ഉഷ്ണതരംഗം കിഴക്കന്‍ യൂറോപ്പിലേക്ക് നീങ്ങുകയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഏതാണ്ട് 101 ദശലക്ഷം യൂറോപ്യന്‍ ജനതയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള കൊടും ചൂടില്‍ വെന്തുരുകുന്നത്. കുട്ടികളടക്കം നൂറുകണക്കിന് പേര്‍ ഇതിനകം മരിച്ചതായാണ് കണക്കുകള്‍. കഠിനമായ ചൂടില്‍ നിന്ന് രക്ഷതേടി വെള്ളത്തിലിറങ്ങിയ നിരവധി പേര്‍ മുങ്ങിമരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2022-ലെ വേനല്‍ക്കാലത്ത് യൂറോപ്പില്‍ 60,000-ത്തിലധികം ആളുകളാണ് ഉഷ്ണതരംഗം മൂലം മരിച്ചത്. നിലവിലെ സാഹചര്യം ഇതിലും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. 2020-2024 കാലയളവില്‍ യുകെയില്‍ മാത്രം 10,000-ത്തോളം പേര്‍ ഉഷ്ണതരംഗം മൂലം മരിച്ചിട്ടുണ്ട്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ ബുധനാഴ്ച മാത്രം ജീവന് ഭീഷണിയാകുന്ന 641 അടിയന്തര സന്ദേശങ്ങളാണ് ലഭിച്ചത്. ഫ്രാന്‍സിലടക്കം ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ പാരീസില്‍ വൈകുന്നേരങ്ങളില്‍ മദ്യവില്‍പ്പനയ്ക്കും പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. പാരീസിനടുത്ത് കാറിനുള്ളില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരനടക്കം നിരവധി പേര്‍ മരിച്ചു. ചൂടില്‍ നിന്ന് രക്ഷതേടി വെള്ളത്തിലിറങ്ങിയ 40-ഓളം പേര്‍ മുങ്ങിമരിച്ചു.
സ്‌പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ താപനില റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. നെതര്‍ലാന്‍ഡ്സ് ചരിത്രത്തിലാദ്യമായി ചൂടിനെത്തുടര്‍ന്ന് 'റെഡ് അലര്‍ട്ട്' പ്രഖ്യാപിച്ചു. സ്‌പെയിനില്‍ ഞായര്‍ മുതല്‍ ബുധന്‍ വരെ 212 പേര്‍ മരണപ്പെട്ടത് ചൂടുമായി ബന്ധപ്പെട്ടതാണെന്ന് മോണിറ്ററിംഗ് സംവിധാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ കര്‍ഷകരും നിര്‍മ്മാണ തൊഴിലാളികളുമടക്കം അഞ്ച് പേര്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. ജര്‍മ്മനിയില്‍ താപനില 40 ഡിഗ്രി കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പല പൊതുപരിപാടികളും റദ്ദാക്കുകയും യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം മേധാവി സൈമണ്‍ സ്റ്റീല്‍ പറയുന്നത്, മനുഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കാത്ത കാലത്തോളം ഈ തീവ്രമായ ചൂട് തുടരുമെന്നാണ്. 1976-ലെ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ താപനിലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവുണ്ടായതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണവായു അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പ്രതിഭാസമാണ് (Heat Dome) യൂറോപ്പിലെ കൊടുംചൂടിന് കാരണമെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് അറിയിച്ചു. ഈ കാലാവസ്ഥ ഇനി മുതല്‍ ഒരു 'പുതിയ സാധാരണ' (New Normal) ആയി മാറുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൂടിനെ അതിജീവിക്കാന്‍ പാകത്തില്‍ യൂറോപ്യന്‍ നഗരങ്ങള്‍ സജ്ജമല്ലെന്നും, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ചിത്രം: കഠിനമായ ചൂടില്‍ നിന്ന് ആശ്വാസം തേടി ഐഫല്‍ ടവറിന് മുന്നിലുള്ള വാര്‍സോ ഫൗണ്ടനില്‍ ഇറങ്ങിക്കിടക്കുന്ന ഒരാള്‍.
Related News