തിരൂര്‍ : വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നതില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍നിന്നടക്കം വിദേശ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കാതെ പ്രവാസികളെ ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരൂരില്‍ നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സേേമ്മളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമാനക്കമ്പനികള്‍ക്ക് യാത്രക്കാരെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. സീസണ്‍ നോക്കിയാണ് ചാര്‍ജ് കൊള്ള നടത്തുന്നത്. അവധിക്കാലങ്ങളിലും ഉത്സവ സീസണുകളില്‍ തോന്നിയപോലെയാണ് ചാര്‍ജ്. എന്നാല്‍ ഇങ്ങനെ കൊള്ള നടത്തുമ്പോഴും വിമാനങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ഇവര്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തിലും സര്‍ക്കാരുകള്‍ ഇടപെടുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിക്കുന്ന വിഭാഗമാണ് പ്രവാസികള്‍. എന്നാല്‍ ഇവരുടെ ജീവിതം സുരക്ഷിതമാക്കുന്ന പദ്ധതികളൊന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രവാസികള്‍ക്ക് സുരക്ഷയൊരുക്കുന്ന പദ്ധതികള്‍ നടപ്പാക്കിയതെന്നും ഇപി പറഞ്ഞു.
തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി ലില്ലീസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെസി സജീവ് ഞെക്കാട് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ആര്‍ ശ്രീകൃഷ്ണപിള്ള സമീപന രേഖ അവതരിപ്പിച്ചു. പ്രശാന്ത് കൂട്ടാമ്പുള്ളി , ടി ഷാജി എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. പ്രവാസ ലോകം സ്മരണിക ഇപി ജയരാജന്‍ പ്രകാശനം ചെയ്തു. വിപി അനില്‍ സ്വാഗതം പറഞ്ഞു സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 599 പ്രതിനിധികള്‍ പങ്കെടുത്തു.
Related News