അല്‍-മുഖല്ല: യെമനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെങ്കടല്‍ തുറമുഖ നഗരമായ മോഖയിലും തുറമുഖത്തും ഇറാന്‍ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമനില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്. യെമന്റെ പടിഞ്ഞാറന്‍ തീരത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സാണ് ആക്രമണത്തില്‍ നാല് സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മോഖ തുറമുഖത്തിനുനേരെ നടത്തിയ ആക്രമണത്തിനിടയില്‍ 11 ഹൂതി ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതായി സേന അറിയിച്ചു.
തുറമുഖ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിനുനേരെ ഹൂതി ഡ്രോണുകള്‍ പതിച്ചതായും ഇത് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മോഖ തുറമുഖ ഡയറക്ടര്‍ അബ്ദുല്‍ മാലിക് അല്‍-ശരബി വ്യക്തമാക്കി. 'തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടരുകയാണ്,' ആക്രമണത്തിന് തൊട്ടുപിന്നാലെ അബ്ദുല്‍ മാലിക് അല്‍-ശരബി പറഞ്ഞു. ആക്രമണത്തിന് ശേഷം കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷന്റെ ആസ്ഥാനത്തിന് സമീപവും മോഖയിലെ സര്‍ക്കാര്‍ കെട്ടിടത്തിന് സമീപവും ഹൂതി മിസൈലുകള്‍ പതിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഇബ്ബ്, തെയ്‌സ് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി നാട്ടുകാര്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മോഖ നഗരത്തിന് നേരെ നടന്ന വലിയ രീതിയിലുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി സൈനിക വക്താവ് യഹ്യ സരി ഏറ്റെടുത്തു.
വെള്ളിയാഴ്ച മാരിബിലും ഹദര്‍മൗത്തിലും ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2022 ഏപ്രിലില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. ഇതിന് മറുപടിയായി യെമന്‍ സൈന്യവും ഹൂതി താവളങ്ങള്‍ ലക്ഷ്യമിട്ട് തിരിച്ചടികള്‍ ആരംഭിച്ചിട്ടുണ്ട്.
യെമനില്‍ പുതിയൊരു യുദ്ധത്തിന് തുടക്കം കുറിക്കുന്നതാണ് ഹൂതികളുടെ ഈ ആക്രമണങ്ങളെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2014-ല്‍ ഹൂതികള്‍ സനയും രാജ്യത്തിന്റെ വലിയൊരു ഭാഗവും പിടിച്ചെടുത്തതോടെയാണ് യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. ഈ സംഘര്‍ഷം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ദശലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി.
Related News