റിയാദ്- ഡിജിറ്റല്‍ ബാങ്ക് വാലറ്റുകളിലേക്ക് പണം അയക്കുന്നതിന് സേവന നിരക്ക് ഈടാക്കാന്‍ റിയാദ് ബാങ്ക് തീരുമാനിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു.
അല്‍ രാജ്ഹി ബാങ്ക്, നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി), അല്‍ അവ്വല്‍ ബാങ്ക് (സാബ്), സൗദി ഫ്രഞ്ച് ബാങ്ക്, അറബ് ബാങ്ക് എന്നിവക്ക് പിന്നാലെയാണ് റിയാദ് ബാങ്കും ഈ തീരുമാനം കൈക്കൊള്ളുന്നത്.
ഓരോ ഇടപാടിനും 3 ശതമാനം വരെ അല്ലെങ്കില്‍ പരമാവധി 75 റിയാല്‍ മുതല്‍ 83 റിയാല്‍ വരെയാണ് മറ്റ് ബാങ്കുകള്‍ നിലവില്‍ ഈടാക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പൂര്‍ണ്ണ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ വാലറ്റുകളാണ് ഡിജിറ്റല്‍ ബാങ്കുകള്‍.
2021 ജൂണ്‍ 22-ലെ മന്ത്രിസഭാ തീരുമാനപ്രകാരം സൗദി അറേബ്യയില്‍ നാല് പ്രാദേശിക ഡിജിറ്റല്‍ ബാങ്കുകള്‍ക്കാണ് നിലവില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.
സൗദി അറേബ്യയെ ആഗോള സാമ്പത്തിക കേന്ദ്രമാക്കാനും ഫിന്‍ടെക് രംഗം കൂടുതല്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്നത്.
Related News