റിയാദ്: സൗദി അറേബ്യയിലെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും ആസ്വദിച്ചുകൊണ്ട് ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് മൂന്ന് പുതിയ റോഡുകള്‍ തുറന്നു. ചെങ്കടല്‍ തീരം, അഗ്‌നിപര്‍വ്വത ഭൂപ്രകൃതി, വടക്കന്‍ സൗദിയിലെ മരുഭൂമികള്‍ എന്നിവയിലൂടെ കടന്നുപോകുന്ന ഈ പാതകള്‍ സഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമായിരിക്കും സമ്മാനിക്കുക. അല്‍ഉലയെ ഈ മൂന്ന് പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച ഹൈവേ ശൃംഖലയും കാര്‍ റെന്റല്‍ സേവനങ്ങളും സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള റൂട്ട് തിരഞ്ഞെടുക്കാനും യാത്രയ്ക്കിടയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരമൊരുക്കുന്നു.
ജിദ്ദ - അല്‍ഉല റൂട്ട്: ചെങ്കടല്‍ തീരത്തുകൂടി കടന്നുപോയി പിന്നീട് കിഴക്കോട്ട് തിരിയുന്ന ഈ പാത, സഞ്ചാരികള്‍ക്ക് മനോഹരമായ തീരദേശ കാഴ്ചകളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള അവസരമാണ് നല്‍കുന്നത്.
മദീന - അല്‍ഉല റൂട്ട്: ചരിത്രപ്രസിദ്ധമായ ഖൈബറിലൂടെ കടന്നുപോകുന്ന ഈ പാത സവിശേഷമായ ഭൂപ്രകൃതിയും ചരിത്രസ്മാരകങ്ങളും മരുപ്പച്ച സംസ്‌കാരവും ഒത്തുചേരുന്ന ഒന്നാണ്. ഏകദേശം 383 കിലോമീറ്റര്‍ ദൂരമുള്ള ഈ യാത്ര പൂര്‍ത്തിയാക്കാന്‍ 4 മുതല്‍ 5 മണിക്കൂര്‍ വരെ സമയമെടുക്കും.
തബൂക്ക് - അല്‍ഉല റൂട്ട്: വടക്കന്‍ സൗദി അറേബ്യയുടെ വിശാലമായ മരുഭൂമികളിലൂടെയുള്ള ഈ പാതയ്ക്ക് ഏകദേശം 295 കിലോമീറ്റര്‍ ദൂരമുണ്ട്. തുറന്ന റോഡുകളും വിശാലമായ പ്രകൃതി ദൃശ്യങ്ങളും ആസ്വദിച്ച് 4 മണിക്കൂര്‍ കൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കാം.
യാത്രാവേളയില്‍ ചെങ്കടല്‍ തീരങ്ങള്‍, ഖൈബറിലെ അഗ്‌നിപര്‍വ്വത ഭൂപ്രകൃതി, തബൂക്കിലെ മരുഭൂമി കാഴ്ചകള്‍ എന്നിവയെല്ലാം ആസ്വദിക്കാന്‍ ഈ പാതകള്‍ സഞ്ചാരികളെ സഹായിക്കുന്നു. ചരിത്ര സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും നിറഞ്ഞ അല്‍ഉലയിലെത്തുന്നതോടെ യാത്ര കൂടുതല്‍ അവിസ്മരണീയമായി മാറും.
യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനും റൂട്ടുകള്‍ മനസ്സിലാക്കുന്നതിനും താമസ സൗകര്യങ്ങളും ടൂറിസം അനുഭവങ്ങളും ബുക്ക് ചെയ്യുന്നതിനും Experience AlUla ഔദ്യോഗിക വെബ്‌സൈറ്റ് (https://www.experiencealula.com/en) സന്ദര്‍ശിക്കാവുന്നതാണ്.
Related News