ടെഹ്റാന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടയില്‍, അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ നീക്കങ്ങള്‍ ശക്തമാക്കി ഇറാന്‍. യു.എസുമായുള്ള 60 ദിവസത്തെ ധാരണാ പത്രത്തിന്റെ (എം.ഒ.യു.) കാലാവധി അവസാനിക്കുന്ന വേളയില്‍, തങ്ങളുടെ സൈനിക നിലപാട് പ്രതിരോധത്തില്‍ നിന്ന് ആക്രമണാത്മക രൂപത്തിലേക്ക് മാറ്റുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി.) പൊളിറ്റിക്കല്‍ ഡെപ്യൂട്ടി ബ്രിഗേഡിയര്‍ ജനറല്‍ യാദൊല്ല ജവാനി മുന്നറിയിപ്പ് നല്‍കി. ഇതിനിടയില്‍, അമേരിക്കന്‍ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് വന്‍ പാരിതോഷികം പ്രഖ്യാപിച്ചും ഇറാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായുള്ള 'ഇറാന്‍ ഇന്റര്‍നാഷണല്‍', ടെഹ്റാന്‍ ആസ്ഥാനമായുള്ള 'പ്രസ് ടിവി' എന്നീ മാധ്യമങ്ങളാണ് ജനറല്‍ യാദൊല്ല ജവാനിയുടെ മുന്നറിയിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ പരമാധികാരിയായ ആയത്തുല്ല മുജ്തബ ഖാംനഇയുടെ പുതിയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും, ശത്രുക്കള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതിനായി തന്ത്രപരമായ അദ്ഭുതങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ സൈനികരെ പിടികൂടാന്‍ പാരിതോഷികം
അമേരിക്കന്‍ സൈനികരെ വധിക്കുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളറിന് തുല്യമായ തുക പാരിതോഷികമായി നല്‍കുമെന്ന് ഇറാന്‍ സൈന്യം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ. വഴി പ്രഖ്യാപിച്ചു. ഈ ദൗത്യം ധൈര്യശാലികളായ ഇറാനിയന്‍ സ്ത്രീകള്‍ നടപ്പിലാക്കുകയാണെങ്കില്‍ പ്രതിഫലം ഇരട്ടിയായിരിക്കുമെന്നും ആര്‍മി ചീഫ് അമീര്‍ ഹതാമി അറിയിച്ചു. ഇതുസംബന്ധിച്ച് നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനില്‍ നിലവില്‍ യു.എസ്. കരസേനയുടെ വിന്യാസമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായി പിന്മാറണമെന്ന ആവശ്യം ഇറാന്‍ ശക്തമായി തുടരുകയാണ്. ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ യു.എസിന് ഇനി അനുവാദമില്ലെന്നും അമീര്‍ ഹതാമി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് യു.എസും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കൂടുതല്‍ വഷളാക്കി. നിലവില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെങ്കിലും, നയതന്ത്രതലത്തിലുള്ള ചര്‍ച്ചകളില്‍ ഇതുവരെയും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല.
Related News