റിയാദ്: സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്മെന്റ് തസ്തികകളില്‍ സ്വദേശിവല്‍ക്കരണ (നിതാഖാത്) നിരക്ക് 70 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. 2027 ഫെബ്രുവരി 14 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
മൂന്ന് അല്ലെങ്കില്‍ അതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്.
'സൗദി വിഷന്‍ 2030' ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, പ്രൊഫഷണല്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ തുടര്‍ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
നിര്‍ദ്ദിഷ്ട പ്രൊഫഷണല്‍ തസ്തികകളില്‍ മൂന്ന് അല്ലെങ്കില്‍ അതിലധികം ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനി തലത്തില്‍ തന്നെ ഈ തീരുമാനം ബാധകമായിരിക്കും.
സൗദി ഏകീകൃത തൊഴില്‍ വര്‍ഗ്ഗീകരണമനുസരിച്ച് പ്രോജക്ട് മാനേജ്മെന്റ് ഡയറക്ടര്‍, പ്രോജക്ട് മാനേജ്മെന്റ് എഞ്ചിനീയര്‍, പ്രോജക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളാണ് ഈ തീരുമാനത്തിന്റെ പരിധിയില്‍ വരുന്നത്. പ്രാസീജിയറല്‍ ഗൈഡില്‍ വ്യക്തമാക്കിയിട്ടുള്ള നിയമാവലികള്‍ക്കനുസൃതമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ മനസ്സിലാക്കാനും പാലിക്കാനും സഹായിക്കുന്നതിനായി മന്ത്രാലയം ഇതുസംബന്ധിച്ച ഗൈഡ്ലൈന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത തീരുമാനത്തില്‍ ഉള്‍പ്പെടുന്ന തസ്തികകളുടെ വിശദാംശങ്ങള്‍, നടപ്പാക്കല്‍ രീതികള്‍, സ്വദേശിവല്‍ക്കരണ നിരക്ക് കണക്കാക്കുന്ന വിധം, പാലിക്കേണ്ട വ്യവസ്ഥകള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നു.
വിവിധ പ്രൊഫഷണല്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനും തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും മേല്‍നോട്ട സമിതികളുടെയും സംയുക്ത നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. ഇത് ദേശീയ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍ വിപണിയുടെ കാര്യക്ഷമത കൂട്ടുന്നതിനും സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സഹായകമാകും.
Related News