കൊച്ചി: തൃപ്പൂണിത്തുറയുടെ രാജകീയ പ്രൗഢിയും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാന്‍ നഗരത്തെ ഒരു 'പൈതൃക നഗരമായി' ഉയര്‍ത്തണം. ഇതിനായി ജനപ്രതിനിധികളും നഗരസഭയും കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകോര്‍ത്ത് സമഗ്രമായ പ്രൊപ്പോസല്‍ സമര്‍പ്പിച്ചാല്‍ തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. അത്തം 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി രാജാവ് ആഭരണങ്ങളും രാജകീയ വസ്ത്രങ്ങളും ധരിച്ച് ജനങ്ങളെ കാണാന്‍ ഇറങ്ങിയിരുന്ന പാരമ്പര്യമാണ് അത്തച്ചമയത്തിനുള്ളത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായ തര്‍ക്കങ്ങളും ചരിത്രപരമായ യുദ്ധങ്ങളും മുതല്‍, പിന്നീട് തൃക്കാക്കരയപ്പനെ വന്ദിക്കാന്‍ കൊച്ചി രാജാവ് സംഘടിപ്പിച്ചിരുന്ന ചടങ്ങുകള്‍ വരെയുള്ള വ്യാഖ്യാനങ്ങള്‍ ഇതിനു പിന്നിലുണ്ട്.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് അത്തച്ചമയം നല്‍കുന്നത്. കൊച്ചി രാജാവിന്റെ കാലം മുതല്‍ തന്നെ നെട്ടൂരിലെ തങ്ങള്‍, കരിങ്ങാച്ചിറ കത്തനാര്‍, കൊച്ചി നാവികസേനയുടെ തലവനായിരുന്ന ചെമ്പിലരയന്‍ തുടങ്ങി വിവിധ സമുദായങ്ങളുടെ പ്രതിനിധികള്‍ ഈ ഘോഷയാത്രയുടെ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
തൃപ്പൂണിത്തുറയില്‍ ഉണ്ടായിരുന്ന അമ്പതിലേറെ കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മാരകങ്ങള്‍ സംരക്ഷിക്കുന്ന മാതൃക ഇവിടെയും പിന്തുടരണം. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലത്തെ പാലിയത്തച്ഛന്റെ നാലുകെട്ടും ഊട്ടുപുരയും, ഡച്ച് കൊട്ടാരവും സംരക്ഷിച്ച മാതൃകയില്‍ തൃപ്പൂണിത്തുറയിലെയും ചരിത്രശേഷിപ്പുകള്‍ കാത്തുസൂക്ഷിക്കണം. കഥകളി അടക്കമുള്ള അനുഷ്ഠാന കലകളുടെ കേന്ദ്രമായ തൃപ്പൂണിത്തുറയിലെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വനിതാ കഥകളി സംഘത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടര്‍ന്ന ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ നിയോജക മണ്ഡലം എം.എല്‍.എ ദീപക് ജോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പി മാരായ ഹൈബി ഈഡന്‍, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, പ്രശസ്ത സിനിമാ താരം ജഗദീഷ് എന്നിവര്‍ മുഖ്യാതിഥികളായി.
തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.എല്‍. ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ രാധിക വര്‍മ്മ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പിള്ളി, അത്തച്ചമയാഘോഷം ജനറല്‍ കണ്‍വീനര്‍ ഇ.എസ്. രാകേഷ് പൈ എന്നിവര്‍ പങ്കെടുത്തു.
Related News