ടെഹ്റാന്‍: ഇറാനെതിരെ കൂടുതല്‍ കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിയെ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി. അമേരിക്കയുടെ പുതിയ ഉപരോധ നീക്കങ്ങള്‍ നിരാശയില്‍ നിന്ന ഉടലെടുത്തതാണെന്നും ഇറാന്റെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ ഇതിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ ഉപരോധങ്ങള്‍ ഇറാനെതിരെ ചുമത്തുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് യു.എസ് പുതിയ നീക്കങ്ങള്‍ക്കൊരുങ്ങുന്നത്. നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാന് സാധിച്ചതോടെ ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
സൈനിക നടപടികളില്‍ നിന്ന് പഴയ ഉപരോധങ്ങളിലേക്ക് അമേരിക്കന്‍ നേതൃത്വം തിരിയുന്നത് അവരുടെ പരാജയമാണ് കാണിക്കുന്നതെന്ന് ടെലഗ്രാം സന്ദേശത്തില്‍ അരാഖ്ചി പറഞ്ഞു. നീതിയിലും ആത്മാഭിമാനത്തിലും അധിഷ്ഠിതമായ ഒരു പരിഹാരത്തിനായി വാഷിംഗ്ടണ്‍ ഇറാനോട് ബഹുമാനത്തോടെ സംസാരിക്കാന്‍ തയ്യാറാകണമെന്നും അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളും സൈനിക നീക്കങ്ങളും ഇതിനുമുമ്പും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ തിങ്കളാഴ്ച ടെഹ്റാന്‍ സന്ദര്‍ശിക്കും. പ്രശ്‌നപരിഹാരത്തിന് നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് പാകിസ്ഥാനും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ആക്രമണങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ടെങ്കിലും, മേഖലയിലെ സമാധാനത്തിന് വിദേശ ശക്തികളുടെ ഇടപെടലില്ലാത്ത തദ്ദേശീയമായ സുരക്ഷാ സംവിധാനമാണ് ആവശ്യമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും വ്യക്തമാക്കി.
Related News