ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബൂസൈദി നാളെ (ചൊവ്വാഴ്ച) ഇറാന്‍ സന്ദര്‍ശിക്കും. ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഹോര്‍മുസ് കടലിടുക്കിന്റെ തീരദേശ രാജ്യങ്ങള്‍ എന്ന നിലയില്‍ മേഖലയിലെ സമാധാനവും സുരക്ഷയും ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി അല്‍ ബൂസൈദി ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഫെബ്രുവരി 28-ന് പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ എണ്ണ, പ്രകൃതിവാതക ഗതാഗതത്തിനുള്ള പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. കടലിടുക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് കപ്പലുകള്‍ അനുമതി വാങ്ങണമെന്നും ട്രാന്‍സിറ്റ് ഫീസ് അടയ്ക്കണമെന്നും ഇറാന്‍ നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം, യുദ്ധത്തിന് മുന്‍പുള്ളത് പോലെ കടലിടുക്കില്‍ സ്വതന്ത്ര കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ലോകത്തെ എണ്ണ, എല്‍.എന്‍.ജി കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന പാതയില്‍ വാഷിംഗ്ടണിന് പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്.
ഇറാനും ഒമാനും അതിര്‍ത്തി പങ്കിടുന്നതും ഗള്‍ഫ് മേഖലയിലേക്കുള്ള ഏക കവാടവുമായ ഹോര്‍മുസിലൂടെ പുതിയ ഗതാഗത പാത നിര്‍ണ്ണയിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കരാര്‍ ഇതുവരെ അന്തിമമായിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ വിജയിച്ചാലും, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യു.എസ് ഉപരോധം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ വിശാലമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ജലപാത തുറക്കില്ലെന്ന നിലപാടിലാണ് ടെഹ്‌റാന്‍.
Related News