റിയാദ്: റിയാദിലെ പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്ക (FORK) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'ഉത്രാടപ്പാച്ചില്‍' നാളെ (ഓഗസ്റ്റ് 25) വൈകിട്ട് 7 മണി മുതല്‍ മുറബ്ബ ലുലുവില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
തിരുവോണത്തിന് മുന്നോടിയായി ഉത്രാടനാളില്‍ അവസാനവട്ട ഒരുക്കങ്ങള്‍ക്കും ഓണസാധനങ്ങള്‍ വാങ്ങുന്നതിനുമായി നാട്ടിലെ വിപണികളിലേക്ക് ആളുകള്‍ നടത്തുന്ന തിരക്കിട്ട നെട്ടോട്ടത്തിന്റെ ഓര്‍മകള്‍ പ്രവാസ മണ്ണില്‍ പുനരാവിഷ്‌കരിക്കുകയാണ് 'ഉത്രാടപ്പാച്ചില്‍' പരിപാടിയിലൂടെ ഫോര്‍ക്ക ലക്ഷ്യമിടുന്നത്.
ഓണക്കാലത്ത് നാട്ടിലെ അങ്ങാടികളിലും വിപണികളിലും അനുഭവപ്പെടുന്ന ഉത്സവത്തിരക്കും ആവേശവും പ്രവാസികള്‍ക്ക് അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഓണത്തിന്റെ ഗൃഹാതുരമായ ഓര്‍മകള്‍ പങ്കുവെക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്ന ആഘോഷവേദിയായും ഉത്രാടപ്പാച്ചില്‍ മാറും.
കഴിഞ്ഞ വര്‍ഷം ഫോര്‍ക്ക സംഘടിപ്പിച്ച ഉത്രാടപ്പാച്ചിലിന് റിയാദിലെ പ്രവാസി സമൂഹത്തില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 25-ന് വൈകിട്ട് 7 മണി മുതല്‍ മുറബ്ബ ലുലുവില്‍ നടക്കുന്ന ഉത്രാടപ്പാച്ചിലിലേക്ക് റിയാദിലെ മുഴുവന്‍ പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഫോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.
Related News