ഷാര്‍ജ/അബൂദാബി: യു.എ.ഇയില്‍ വെവ്വേറെ സംഭവങ്ങളില്‍ രണ്ടു മലയാളി പ്രവാസികളുടെ മരണം പ്രവാസി സമൂഹത്തിന് തീരാവേദനയായി. ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ഏഴു വയസ്സുകാരിയായ ബാലിക ദാരുണമായി മരിച്ചപ്പോള്‍, അബൂദാബിയില്‍ പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. രണ്ടു സംഭവങ്ങളിലുമായി കാസര്‍കോട് ജില്ലക്കാരാണ് മരിച്ചത്.
മൂന്നാം നിലയില്‍നിന്ന് വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
ഷാര്‍ജ അല്‍ നബ്ബയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് പതിച്ച് കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫ (7) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. മാതാവ് മുര്‍ഷിദ ജോലിക്ക് പോയിരുന്ന സമയത്ത് പിതാവ് മാത്രമാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. മുറിയില്‍ കളിച്ചുകൊണ്ടിരിക്കെ ജനാല വഴി കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഫയെ ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിതാവ് മുബാറക് ദുബായ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനും മാതാവ് മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയുമാണ്. വേനലവധിക്ക് നാട്ടില്‍ പോയി ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കുടുംബം തിരികെ യു.എ.ഇയില്‍ എത്തിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അബൂദബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
വര്‍ഷങ്ങളായി യു.എ.ഇയില്‍ പ്രവാസ ജീവിതം നയിച്ചുവന്നിരുന്ന കാസര്‍കോട് ജില്ലയിലെ പള്ളിക്കര, തയ്യില്‍ മൗവ്വല്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് (54) അബൂദബിയില്‍ നിര്യാതനായി. യു.എ.ഇയിലെ വിവിധ മേഖലകളില്‍ ദീര്‍ഘകാലമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: നസീമ. മക്കള്‍: മുംതാസ്, മുനീര്‍, നജീല, അസ്ലമിയ്യ.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി അബൂദബി ഐ.സി.എഫ് (ICF) വെല്‍ഫെയര്‍ സമിതി ഭാരവാഹികള്‍ അറിയിച്ചു.
Related News