മുംബൈ: ഇന്ത്യയിലെ ആദ്യ വാണിജ്യ യാത്രാ റെയില്‍വേ സര്‍വീസ് ആരംഭിച്ച ബോംബെ-താനെ പാതയുടെ ചരിത്രാവശിഷ്ടങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുന്നതായി ആശങ്ക. 1853 ഏപ്രില്‍ 16ന് മൂന്ന് ലോക്കോമോട്ടീവുകളും 14 കോച്ചുകളും നാനൂറോളം യാത്രക്കാരുമായി ആരംഭിച്ച ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുല റെയില്‍വേ (GIPR)യാണ് പിന്നീട് ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയ്ക്ക് അടിത്തറയായത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാതയുടെ വലിയൊരു ഭാഗം ഇന്നും മുംബൈയിലെ സെന്‍ട്രല്‍ റെയില്‍വേ ശൃംഖലയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, പഴയ കെട്ടിടങ്ങളും ഇരുമ്പ് ഘടകങ്ങളും തുടര്‍ച്ചയായി നഷ്ടപ്പെടുകയാണ്.
ഇപ്പോഴത്തെ ആശങ്ക സിയോണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ഹട്ടിനെ ചുറ്റിപ്പറ്റിയാണ്. റെയില്‍വേ വികസനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊൡച്ചുനീക്കുകയാണ്. ഇവ സംരക്ഷിച്ച് ഹെറിറ്റേജ് ഗാലറിയിലോ നാഷണല്‍ റെയില്‍ മ്യൂസിയത്തിലോ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഭൂപ്, മുംബ്ര തുടങ്ങിയ സ്‌റ്റേഷനുകളിലെ അവശിഷ്ടങ്ങള്‍ നേരത്തെയും പൊളിച്ചുനീക്കപ്പെട്ടിരുന്നു. എന്നാല്‍ ചില ബ്രാക്കറ്റുകളും മുംബ്രയിലെ വിക്ടോറിയന്‍ കാലത്തെ സേഫും സംരക്ഷിക്കാന്‍ കഴിഞ്ഞു.
സിയോണ്‍ പ്രത്യേക പ്രാധാന്യമുള്ള സ്ഥലമാണ്. 1850 ഒക്ടോബര്‍ 31ന് റെയില്‍ പാതയുടെ ആദ്യ കുറ്റിയടിച്ചത് സിയോണിന് സമീപത്തായിരുന്നു. സുരക്ഷയും ആധുനികവല്‍ക്കരണവും അനിവാര്യമാണെങ്കിലും, ചരിത്രാവശിഷ്ടങ്ങള്‍ രേഖപ്പെടുത്തുകയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ സംരക്ഷിക്കുകയും വേണമെന്നാണ് ആവശ്യം. ബൈക്കുള, സിയോണ്‍, ഭൂപ്, താനെ, കല്യാണ്‍ വരെയുള്ള പാതയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്താനും സംരക്ഷിക്കാനുമായി സമഗ്രമായ പൈതൃക പദ്ധതി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Related News