ന്യൂദല്‍ഹി: ഇരുപത്തിരണ്ടായിരം കോടിയിലേറെ രൂപ വായ്പയെടുത്ത വ്യവസായി ആറരക്കോടി രൂപ തിരിച്ചടച്ച് കുടിശ്ശിക ഒത്തുതീര്‍പ്പിലെത്തിയ ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ (എന്‍.സി.എല്‍.ടി) വിധി വലിയ ചര്‍ച്ചയാവുന്നു. ചെറിയ വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന കര്‍ഷകരും സാധാരണക്കാരും കടുത്ത നടപടികള്‍ നേരിടുമ്പോഴാണ് സീ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്ര വായ്‌യെടുത്ത തുകയുടെ 99.97 ശതമാനവും എഴുതിത്തള്ളി ഒത്തുതീര്‍പ്പാക്കുന്നത്. ഓരോ 100 രൂപ വായ്പക്കും സുഭാഷ് ചന്ദ്ര തിരിച്ചടക്കേണ്ടത് വെറും മൂന്നു പൈസ മാത്രം. പദ്ധതിക്ക് എന്‍.സി.എല്‍.ടി അംഗീകാരം നല്‍കിയതോടെ വന്‍ വായ്പകളുടെ തിരിച്ചടവില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനം സ്വീകരിക്കുന്ന നിലപാട് വിവാദമാവുകയാണ്. 2016ല്‍ ബി.ജെ.പി പിന്തുണയോടെ ഹരിയാനയില്‍ നിന്ന് രാജ്യസഭാംഗമായ സുഭാഷ് ചന്ദ്ര 2022ലും ബി.ജെ.പി പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
22,006 കോടി രൂപ വായ്പയെടുത്ത സുഭാഷ് ചന്ദ്ര അംഗീകാരം ലഭിച്ച തിരിച്ചടവ് പദ്ധതി പ്രകാരം നല്‍കേണ്ടത് വെറും 6.5 കോടി രൂപ മാത്രമാണ്. ഇതോടെ വായ്പദാതാക്കള്‍ക്ക് ലഭിക്കുന്നത് ആകെ തുകയുടെ 0.03 ശതമാനം മാത്രം.
ഇതില്‍ 1,322 കോടി രൂപ ലഭിക്കാനുള്ള എല്‍ഐസി ഹൗസിങ് ഫിനാന്‍സിന് ഏകദേശം 38 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. അവര്‍ ഒത്തുതീര്‍പ്പില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 80.81 ശതമാനം വായ്പദാതാക്കളുടെ പിന്തുണയോടെ പദ്ധതി അംഗീകരിക്കപ്പെട്ടു. വായ്പയെടുത്ത കമ്പനി പാപ്പരായാല്‍ ഇതിലും കുറഞ്ഞ തുക മാത്രമേ വീണ്ടെടുക്കാനാകൂ എന്ന വാദമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്നത്. എന്നാല്‍, ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ സ്വീകരിച്ച ഈടുകളും റിസ്‌ക് വിലയിരുത്തലുകളും മതിയായിരുന്നോ എന്ന ചോദ്യം ഉയരുകയാണ്.
വന്‍കിട വായ്പകളില്‍ വലിയ ഇളവുകള്‍ ലഭിക്കുന്ന സാഹചര്യം സാമ്പത്തിക സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാകുന്നു. നിയമപരമായ അംഗീകാരം ലഭിച്ച തീരുമാനങ്ങളായാലും പൊതുതാല്‍പര്യവും ഉത്തരവാദിത്വവും മുന്‍നിര്‍ത്തി ഇത്തരം കേസുകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നുണ്ട്.
തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനമുയര്‍ത്തി. രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങളെ പരിഹാസ്യമാക്കുന്നതാണ് ഒത്തുതീര്‍പ്പെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.
സാമ്പത്തിക കുറ്റവാളിയും മുന്‍ എം.പിയുമായ വിജയ് മല്യയും സംഭവത്തില്‍ പ്രതികരിച്ചു. സുഹൃത്ത് സുഭാഷിന് അഭിനന്ദനങ്ങള്‍. 6203 കോടി രൂപക്കു പകരം എന്നില്‍നിന്ന് 14100 കോടി രൂപ തിരിച്ചുപിടിച്ചുവെന്ന അവകാശപ്പെടുന്ന സര്‍ക്കാരാണ് ഇത്. മറ്റ് കുടിശ്ശികക്കാര്‍ ചില്ലറ നല്‍കി രക്ഷപ്പെടുകയാണ്. ഇതാണ് ഇന്ത്യയിലെ കുടിശ്ശിക തീര്‍പ്പിലെ ഇരട്ട നീതി. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ചോദ്യമില്ല -മല്യ ട്വീറ്റ് ചെയ്തു.
Related News