ലണ്ടന്‍: ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന് എരിവും പുളിയും പകര്‍ന്ന് മുന്‍ പാക് ക്രിക്കറ്റ് നായകനും പ്രധാനമന്ത്രിയുമായിരുന്ന ഇംറാന്‍ ഖാന്റെ മക്കളുടെ അഭിമുഖം. ടെസ്റ്റിന്റെ ഒന്നാം ദിനം ലഞ്ചിനാണ് സ്‌കൈ സ്‌പോര്‍ട്‌സ് വിവാദ അഭിമുഖം സംപ്രേഷണം ചെയ്തത്. പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ നായകന്റെ മക്കളുടെ അഭിമുഖം ടെസ്റ്റിന്റെ ലഞ്ച് ഇടവേളയില്‍ സംപ്രേഷണം ചെയ്യുന്നുവെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചു. അവര്‍ കളി ബഹിഷ്‌കരിക്കാനൊരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ ആര്‍തേട്ടനാണ് ഇംറാന്റെ മക്കളായ കാസിം ഖാനെയും സുലൈമാന്‍ ഖാനെയും അഭിമുഖം ചെയ്തത്. 18 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ ഇംറാന്റെ ആരോഗ്യനിലയെക്കുറിച്ച് ഇരുവരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആദ്യം അഭിമുഖം പിന്‍വലിക്കാന്‍ സ്‌കൈ സ്‌പോര്‍ട്‌സ് ആലോചിച്ചെങ്കിലും അത് മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാല്‍ സ്ംപ്രേഷണവുമായി മുന്നോട്ടു പോയി. അഭിമുഖം നടക്കുന്നതിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇടപെടുകയും പാക്കിസഥാന്‍ ടീം ലഞ്ചിനു ശേഷം കളി തുടരാന്‍ തയാറാവുകയും ചെയ്തു. എങ്കിലും ടീം ആദ്യ ഇന്നിംഗ്‌സില്‍ 110 റണ്‍സിന് ഓളൗട്ടായി.
അഭിമുഖത്തില്‍ ഇംറാന്‍ ഖാന്റെ മക്കളായ കാസിം ഖാനും സുലൈമാന്‍ ഖാനും പിതാവിന്റെ തടവുജീവിതവും ആരോഗ്യനിലയും സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതാണ് പ്രതിഷേധത്തിന് കാരണം. പാകിസ്ഥാന്‍ ഭരണകൂടം ഇംറാന്‍ ഖാനോട് പക തീര്‍ക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും മക്കള്‍ ആരോപിച്ചു. ജയില്‍ ശിക്ഷ കുറഞ്ഞ കാലത്തേക്കായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ 2022ല്‍ പിതാവിനെ ജയിലിനുള്ളില്‍ വധിക്കാന്‍ ശ്രമം നടന്നു. കാലിന് വെടിയേറ്റു. അതോടെ കുടുംബം നിസ്സഹായാവസ്ഥയിലായി. ജയിലിനുള്ളില്‍ പിതാവിനെ ഇല്ലാതാക്കാനോ അല്ലെങ്കില്‍ പരമാവധി കാലം അവിടെ നിര്‍ത്തി നിശ്ശബ്ദനാക്കാനോ ആണ് ശ്രമമെന്ന് വ്യക്തമായി. ദിവസത്തില്‍ 23 മണിക്കൂളോളം ജയിലില്‍ ഒറ്റക്കാണ്. ഒരു കണ്ണിലെ കാഴ്ച 80 ശതമാനം ഇല്ലാതായിട്ടുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി ഏകാന്ത തടവില്‍ കഴിയുന്ന ഇംറാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവര്‍ പറഞ്ഞു. ഇംറാന്റെ ജീവന്‍ രക്ഷിക്കണമെന്ന് മുന്‍കാല ക്രിക്കറ്റ് നായകര്‍ ഈയിടെ പാക്കിസ്ഥാനോട് അഭ്യര്‍ഥിച്ചിരുന്നു. ഈ അഭിമുഖം ലഞ്ച് ഇടവേളയില്‍ സംപ്രേഷണം ചെയ്താല്‍ പാകിസ്ഥാന്‍ താരങ്ങള്‍ ലഞ്ചിനു ശേഷം കളിക്കില്ലെന്നായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് സ്‌കൈ സ്‌പോര്‍ട്‌സിനെ അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനിടെ ഇത്തരമൊരു സംപ്രേഷണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ പാക് ടീം അയഞ്ഞതും കളി തുടര്‍ന്നതും.
Related News