ഭുവനേശ്വര്‍: തന്നെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും എതിര്‍ക്കുന്നവരുടെ കൈ വെട്ടുമെന്നുമുള്ള പരസ്യ ഭീഷണിയുമായി കേന്ദ്ര മന്ത്രി. ആദിവാസി കാര്യ മന്ത്രി ജൂവല്‍ ഓറമാണ് രാഷ്ട്രീയ കൊടുങ്കാറ്റ് ഇളക്കി വിട്ടത്. ആയുധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസസൗകര്യം ഒരുക്കിയെന്ന കേസില്‍ ഓറമിന്റെ അടുത്ത സഹായി അറസ്റ്റിലായതിന് പിന്നാലെയാണ് മന്ത്രിയുടെ പരസ്യ പ്രസ്താവന. ഒഡീഷ ബിജെപിക്കുള്ളിലെ ആഭ്യന്തര പോരാണ് പരസ്യമായ വിഴുപ്പലക്കലായി മാറിയത്.
തന്നെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ പണം ചെലവഴിച്ച് അപവാദ പ്രചാരണം നടത്തുകയാണെന്ന് ഓറം തുറന്നടിച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയ ചില നേതാക്കളെയാണ് അദ്ദേഹം പരോക്ഷമായി ലക്ഷ്യമിട്ടത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ കൈ വെട്ടാനും ചുട്ടെരിക്കാനും കഴിയുമെന്നും ഓറം വെല്ലുവിളിച്ചു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും എതിരാളികള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ 2029 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുധങ്ങളുമായി പിടിയിലായ ഏഴ് പ്രതികള്‍ക്കായി റൂര്‍ക്കേലയിലെ സര്‍ക്യൂട്ട് ഹൗസില്‍ മുറികള്‍ ബുക്ക് ചെയ്‌തെന്ന കേസിലാണ് ഓറമിന്റെ പ്രതിനിധിയായ പ്രകാശ് പസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമനടപടിയില്‍ എതിര്‍പ്പില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഓറമിന്റെ നിലപാട്.
ബിജെപിക്കുള്ളിലെ രൂക്ഷമായ അധികാരപോരിന്റെ തെളിവാണ് ഓറമിന്റെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷം ആരോപിച്ചു. 'ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ബി.ജെ.പി നേതാക്കള്‍ പരസ്പരം പോരടിക്കുകയാണ്. ഓറമിന്റെ പ്രസ്താവന പാര്‍ട്ടിയിലെ ഗുരുതര ആഭ്യന്തര ഭിന്നതയുടെ തെളിവാണ്,' -ബിജു ജനതാദള്‍ നേതാവ് പ്രമിള മല്ലിക് പറഞ്ഞു.
ഒരു കേന്ദ്രമന്ത്രി നിയമം കൈയിലെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് അതീവ ഗുരുതരമാണെന്ന് ബിജെഡി വക്താവ് ലെനിന്‍ മൊഹന്തി പ്രസ്താവിച്ചു. ഇത് സംസ്ഥാനത്തെ നിയമസമാധാന നിലയെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അദ്ദേഹത്തിനെതിരായ ഗൂഢാലോചനയുണ്ടെന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷം അതിരൂക്ഷമായിരിക്കുകയാണ് -അദ്ദേഹം ആരോപിച്ചു.
ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനമെന്നാണ് ഓറമിന്റെ പ്രസ്താവനയെ
ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ് വിശേഷിപ്പിച്ചത്. പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും, ഇത്തരം അക്രമഭാഷയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഒഡീഷ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.
Related News