ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിര്‍ണായക നിയന്ത്രണം തങ്ങളുടെ കൈയിലാണെന്നും എണ്ണ വില നിയന്ത്രിക്കാന്‍ അമേരിക്ക കള്ള പ്രസ്താവനകള്‍ നടത്തുകയാണെന്നും ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോഴും 'നിര്‍ണായക നിയന്ത്രണം' ഇറാന്റെ കൈവശമാണെന്നും എണ്ണവിലയെ സ്വാധീനിക്കാന്‍ അമേരിക്ക യഥാര്‍ഥ സ്ഥിതിഗതികള്‍ മറച്ചുവെക്കുകയാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ആരോപിച്ചു. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് മൈനുകള്‍ നീക്കം ചെയ്ത് കപ്പല്‍ഗതാഗതത്തിന് സുരക്ഷിതമാക്കിയെന്നും ഇറാനുമായി ചര്‍ച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു.
യുദ്ധത്തിനായി അമേരിക്ക ഇതിനകം 36 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായും, അധികമായി 80 ബില്യണ്‍ ഡോളര്‍ കൂടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പശ്ചിമേഷ്യയില്‍ പതിനായിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ കുടുങ്ങിക്കിടക്കുന്നതും അമേരിക്കക്ക് തലവേദനയാണ്.
അമേരിക്കയും ഇസ്രയേലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കാമെന്നാണ് കരുതിയതെങ്കിലും ലക്ഷ്യം നേടാനായില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടതെന്നും, മുസ്ലിം രാജ്യങ്ങളെ ഇറാന്‍ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആതിഥേയ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും അവ പ്രധാനമായും ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അറാഗ്ചി ആരോപിച്ചു.
അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ കയറ്റുമതിയും ഇറക്കുമതിയും 25 മുതല്‍ 35 ശതമാനം വരെ കുറഞ്ഞതായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജൂണില്‍ അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് പിന്നാലെ 9 കോടി ബാരല്‍ എണ്ണ വിറ്റഴിച്ചതായും, ഉപരോധം പിന്‍വലിക്കുകയും ലെബനനിലെ ഇസ്രയേല്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related News