മക്ക: ബോളിവുഡ് നടിയും സോഷ്യല്‍ മീഡിയ താരവുമായ രാഖി സാവന്ത് ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി. വിശുദ്ധ കഅ്ബക്ക് സമീപം നൂറിലധികം നമസ്‌കാരപ്പായകള്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുന്ന രാഖിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹിജാബും അബായയും ധരിച്ചെത്തിയ രാഖി തന്നെ 'രാഖി ഫാത്തിമ' എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് തീര്‍ഥാടകര്‍ക്ക് പായകള്‍ നേരിട്ട് കൈമാറിയത്.
പായകള്‍ വിതരണം ചെയ്യുന്നതിനിടെ നിരവധി പേര്‍ ഒരേസമയം എത്തിയത് ചെറിയ തിരക്കിന് ഇടയാക്കിയെങ്കിലും എല്ലാവരോടും ശാന്തരാകാന്‍ അഭ്യര്‍ഥിച്ച് രാഖി വിതരണം തുടര്‍ന്നു. 'അല്ലാഹു അക്ബര്‍' എന്ന് ഉച്ചരിച്ചുകൊണ്ട് ആളുകളെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ തിരക്കിനിടെ രാഖിയുടെ ഹിജാബില്‍ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സാഹചര്യത്തെ ഏറെ ക്ഷമയോടെയും സൗമ്യമായും കൈകാര്യം ചെയ്ത രാഖിയെ നിരവധി പേര്‍ അഭിനന്ദിച്ചു. വിശുദ്ധ സ്ഥലത്ത് സഹായഹസ്തവുമായി എത്തിയ രാഖിയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചും തിരക്ക് സൃഷ്ടിച്ചവരുടെ പെരുമാറ്റത്തില്‍ നിരാശ രേഖപ്പെടുത്തിയും സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു.
ഉംറയ്ക്കിടെ നേപ്പാളിലെ പ്രളയബാധിതര്‍ക്കായും രാഖി പ്രത്യേക പ്രാര്‍ഥന നടത്തി. കഅ്ബക്ക് സമീപം നിന്നുള്ള വീഡിയോയിലൂടെ ദുരന്തത്തില്‍ മരിച്ചവരുടെ ആത്മശാന്തിക്കും പരിക്കേറ്റവരുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കുമായി അവര്‍ പ്രാര്‍ഥിച്ചു.
2023ല്‍ വ്യവസായിയായ ആദില്‍ ഖാന്‍ ദുരാനിയുമായുള്ള വിവാഹത്തിന് പിന്നാലെയാണ് രാഖി ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. 'രാഖി ഫാത്തിമ' എന്ന പേര് സ്വീകരിച്ചതായും അവര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ദാമ്പത്യബന്ധം തകര്‍ന്നെങ്കിലും ഇസ്‌ലാം മതവിശ്വാസം തുടരുന്നതായി രാഖി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ ഉംറ യാത്രയില്‍ രാഖിക്കൊപ്പം അടുത്ത സുഹൃത്തുക്കളും സഹായികളും ഉണ്ടെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മക്കയിലെ ആത്മീയ അനുഭവങ്ങളും പ്രാര്‍ഥനകളും സേവനപ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ രാഖി തുടര്‍ച്ചയായി പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.
Related News