കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ മലയാളി യുവതി തന്നെയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.
തൃശൂര്‍ മണ്ണുത്തി മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് വീട്ടില്‍ ഹരിദാസ്-സുഷമ ദമ്പതികളുടെ മകള്‍ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലൈന്‍ മറ്റത്ത് ഹൗസില്‍ ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആന്‍. സംഭവത്തില്‍ ഇവരുടെ ഉറ്റ സുഹൃത്തായ അനില എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.53-ഓടെ സാന്‍ ജോസെയിലെ ലിന്‍ഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രതിയായ അനിലയുടെയും കുടുംബങ്ങള്‍ ഒരേ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.
ആദ്യം ഫ്‌ലാറ്റിലെ മുറിയില്‍ വെച്ച് ആനിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്‌ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവം നടന്നയുടന്‍ നിര്‍ത്താതെ പോയ കാര്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊതുസുഹൃത്തായ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിജീഷ് വിവരമറിയിച്ചു. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ജേക്കബ് ഫ്‌ലാറ്റിലെത്തി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.
വിലങ്ങന്നൂര്‍ സ്വദേശിയായ വിജീഷും അഞ്ജനയും കഴിഞ്ഞ എട്ടു വര്‍ഷമായി കാലിഫോര്‍ണിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. വാമിക ഏക മകളാണ്. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അഞ്ജനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോട്ടോ: അഞ്ജന, ആന്‍, അനില.
Related News