റിയാദ്: കൈക്കൂലിയും ഔദ്യോഗിക പദവി ദുരുപയോഗവും ഉള്‍പ്പെടെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ 352 സര്‍ക്കാര്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും ഇതില്‍ 108 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസാഹ' അറിയിച്ചു. 2026 ഓഗസ്റ്റില്‍ രാജ്യത്തുടനീളം അതോറിറ്റി നടത്തിയ വ്യാപക പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിര്‍ണായക നടപടി. അറസ്റ്റിലായവരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി 2,659 തരം നിരീക്ഷണ സന്ദര്‍ശനങ്ങളാണ് നസാഹ സംഘടിപ്പിച്ചത്. പ്രധാനമായും ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, നഗരസഭ-ഭവന മന്ത്രാലയം എന്നീ അഞ്ച് പ്രമുഖ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് നിലവില്‍ അന്വേഷണ പരിധിയിലും കസ്റ്റഡിയിലുമുള്ളത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനാവശ്യ ആനുകൂല്യങ്ങള്‍ കൈപ്പറ്റുക, കൈക്കൂലി വാങ്ങുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Related News