കൊച്ചി: ലോകത്ത് ഓരോ നിമിഷവും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും, അതിവേഗം മാറുന്ന പുതിയ കാലത്തിനനുസരിച്ച് അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടേണ്ടത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. 'കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'ടെക്കോണ്‍ 26' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മള്‍ ജീവിക്കുന്നത് ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ്. മുമ്പ് പഠിക്കുമ്പോള്‍ ഒരു പുതിയ അറിവ് കിട്ടണമെങ്കില്‍ ലൈബ്രറിയില്‍ പോകുകയോ, അധ്യാപകനെ കാണുകയോ വേണം. ചിലപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്ന കാര്യം കിട്ടിക്കൊള്ളണമെന്നുമില്ല.
പക്ഷേ പുതിയ തലമുറയ്ക്ക് ഏതു കാര്യത്തെക്കുറിച്ചുള്ള വിവരവും വിരല്‍ത്തുമ്പില്‍ ലഭിക്കും. എനിക്ക് എന്തെങ്കിലും ഒരു വസ്തുതാപരമായ പിഴവ് വന്നാല്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ നോക്കി തെറ്റാണെന്ന് ഉടന്‍ കണ്ടുപിടിക്കാന്‍ സാധിക്കും.
മനുഷ്യന്റെ എല്ലാ പരിണാമ ദിശകളിലും പുതിയ അറിവുകള്‍ ഉണ്ടായിട്ടുണ്ട്, ആ വേഗതയിലല്ല ഇപ്പോള്‍ അറിവുകള്‍ ഉണ്ടാകുന്നത്. അത്ഭുതകരമായ വേഗതയിലാണ് പുതിയ അറിവുകള്‍ ഉണ്ടാകുന്നത്. നമ്മള്‍ ഇവിടെയിരിക്കുമ്പോള്‍ ലോകത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍, സര്‍വ്വകലാശാലകളില്‍, വ്യത്യസ്തമായ വിഷയങ്ങളില്‍, ഗവേഷണം നടക്കുകയാണ്. ഓരോ നിമിഷവും പുതിയ അറിവുകള്‍ ലോകത്തെ മുഴുവന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ ദശകത്തിന്റെ അവസാനത്തോടെ കൃത്രിമബുദ്ധി മനുഷ്യന്റെ ബുദ്ധിശക്തിക്കൊപ്പം എത്തുമെന്ന റേ കുര്‍സ്വീലിന്റെ 'ദി സിംഗുലാരിറ്റി ഈസ് നിയര്‍' എന്ന പുസ്തകത്തിലെ പ്രവചനങ്ങളും, യുവല്‍ നോവാ ഹരാരിയുടെ 'ഹോമോ ഡിയൂസ്, സാപിയന്‍സ്' എന്നീ പുസ്തകങ്ങളിലെ മെഡിക്കല്‍ സയന്‍സിന്റെയും എ.ഐയുടെയും മുന്നേറ്റത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഭാവിയില്‍ എ.ഐയുടെയും നാനോ ടെക്‌നോളജിയുടെയും സഹായത്തോടെ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും വന്‍ വിപ്ലവങ്ങള്‍ സംഭവിക്കുമെന്നും മനുഷ്യന്റെ ആയുസ്സ് വലിയതോതില്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.
നിര്‍മ്മിത ബുദ്ധി , ക്വാണ്ടം കമ്പ്യൂട്ടിങ്, മെഷീന്‍ ലേണിങ്, സെമികണ്ടക്ടര്‍, റോബോട്ടിക് ടെക്‌നോളജി തുടങ്ങിയ അത്യാധുനിക വിഷയങ്ങളിലാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അറിവ് നേടാനുള്ള നിരന്തരമായ അന്വേഷണമാണ് ജീവിതമെന്നും, പുതിയ തലമുറയ്ക്ക് മുന്നില്‍ ഇത്തരം ഭാവി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവുകള്‍ എത്തിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്. വിവര സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഇക്കാലത്ത്, പുതിയ ആശയങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് സംവേദിക്കാന്‍ ഇത്രയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഘടിപ്പിച്ച സംഘാടകരുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍, ഹാരിസ് ബീരാന്‍ എം.പി, രമേഷ് പിഷാരടി എം എല്‍ എ, ഷറഫുദീന്‍ പിലാക്കാട്, എന്‍ വി സി അഹമദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Related News