ഏതന്‍സ്: തനാഗ്ര വിമാനത്താവളത്തില്‍ നടന്ന എയര്‍ ഷോയ്ക്കിടെ ഗ്രീക്ക് വ്യോമസേനയുടെ എഫ്-4 ഫ്‌നാന്റം (F-4 Phantom) യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഗ്രീക്ക് എയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
അപകടസ്ഥലത്തുനിന്ന് ഏതാനും നൂറ് മീറ്റര്‍ മാത്രം അകലെ നിന്ന കാണികള്‍ നോക്കിനില്‍ക്കെ വിമാനം തകര്‍ന്നുവീഴുകയും വലിയ തോതില്‍ കറുത്ത പുക ഉയരുകയും ചെയ്തു. പബ്ലിക് ബ്രോഡ്കാസ്റ്ററായ ഇആര്‍ടി പുറത്തുവിട്ട ദൃശ്യങ്ങളില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി കാണാം.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരുടെ അവസ്ഥയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കാണികള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. നിലവില്‍ പ്രദേശത്ത് വ്യാപകമായ തെരച്ചിലും രക്ഷാപ്രവര്‍ത്തനവും നടന്നുവരികയാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് വ്യോമസേനാ താവളത്തിലെ ലൗഡ്സ്പീക്കറുകളിലൂടെ പ്രദേശം ഉടനടി ഒഴിപ്പിച്ചു തരാന്‍ അധികൃതര്‍ കാണികളോട് ആവശ്യപ്പെട്ടു. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related News