റിയാദ്: സൗദി അറേബ്യയില്‍ ഉപഭോക്തൃ ചെലവഴിക്കലില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 29-ന് അവസാനിച്ച ആഴ്ചയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഉപഭോക്തൃ ചെലവഴിക്കല്‍ 11.5 ശതമാനം ഉയര്‍ന്ന് 1,580 കോടി റിയാലിലെത്തി. ഭക്ഷ്യ-പാനീയ വിപണിയിലെ ഉയര്‍ന്ന വില്‍പ്പനയും സ്‌കൂള്‍ തുറന്നതുമായി ബന്ധപ്പെട്ട വാങ്ങലുകളുമാണ് ഈ നേട്ടത്തിന് പ്രധാന കാരണമായതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഈ കാലയളവില്‍ പോയിന്റ് ഓഫ് സെയില്‍ (POS) വഴിയുള്ള ഇടപാടുകളുടെ എണ്ണം 7.6 ശതമാനം വര്‍ധിച്ച് 25.53 കോടിയായി ഉയര്‍ന്നു. ഓഗസ്റ്റ് 22-ന് അവസാനിച്ച ആഴ്ചയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ശക്തമായ ഈ തിരിച്ചുവരവ്. വിനോദം, ടെലികമ്മ്യൂണിക്കേഷന്‍, സ്റ്റേഷനറി എന്നീ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടായി.
രാജ്യത്തെ പണപ്പെരുപ്പം 1.8 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ വിപണിയിലെ ഈ മുന്നേറ്റം ഏറെ ആശ്വാസകരമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ തലഅത് ഹാഫിസ് ചൂണ്ടിക്കാട്ടി. ഇടപാടുകളുടെ എണ്ണത്തിലും തുകയിലും ഉണ്ടായ വര്‍ധനവ് ഉപഭോക്താക്കള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നു എന്നതിന്റെ സൂചനയാണെന്നും കേവലം വിലക്കയറ്റം കൊണ്ടല്ല ഈ വര്‍ധനയെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖല തിരിച്ചുള്ള വിവരങ്ങള്‍:
ഭക്ഷ്യ-പാനീയ മേഖല: ചെലവഴിക്കല്‍ 22.8 ശതമാനം വര്‍ധിച്ച് 259 കോടി റിയാലിലെത്തി.
റെസ്റ്റോറന്റുകളും കഫേകളും: 178 കോടി റിയാല്‍ (6.7% വര്‍ധനവ്).
വസ്ത്ര മേഖല: 141 കോടി റിയാല്‍ (11.8% വര്‍ധനവ്).
ഗതാഗതം & ഇന്ധനം: ഗതാഗത മേഖലയില്‍ 113 കോടി റിയാലും (9.2%) പെട്രോള്‍ പമ്പുകളില്‍ 107 കോടി റിയാലും (11.7%) ചെലവഴിച്ചു.
വിദ്യാഭ്യാസവും സ്റ്റേഷനറിയും: അധ്യയന വര്‍ഷം ആരംഭിച്ചതോടെ പുസ്തകങ്ങളും സ്റ്റേഷനറിയും വാങ്ങുന്നതിലുണ്ടായ തുകയില്‍ 28.7 ശതമാനവും ഇടപാടുകളുടെ എണ്ണത്തില്‍ 79.2 ശതമാനവും വര്‍ധനവുണ്ടായി (19.97 കോടി റിയാല്‍). വിദ്യാഭ്യാസ മേഖലയിലെ മൊത്തം ചെലവ് 110 കോടി റിയാലാണ്.
മറ്റു മേഖലകള്‍: ടെലികമ്മ്യൂണിക്കേഷനില്‍ 20.82 കോടി റിയാലും (26.7%), വിനോദ മേഖലയില്‍ 43.28 കോടി റിയാലും (20.4%) ചെലവഴിച്ചു.
അതേസമയം, ഹോട്ടല്‍ മേഖലയിലെ ചെലവഴിക്കല്‍ 7.4 ശതമാനം കുറഞ്ഞ് 28.28 കോടി റിയാലായും സ്വര്‍ണാഭരണ വിപണിയിലെ വില്‍പ്പന 8.6 ശതമാനം കുറഞ്ഞ് 27.56 കോടി റിയാലായും താഴ്ന്നു.
നഗരങ്ങളിലെ കണക്കുകള്‍: ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത് തലസ്ഥാനമായ റിയാദിലാണ്550 കോടി റിയാല്‍ (7.2% വര്‍ധനവ്). ജിദ്ദയില്‍ 211 കോടി റിയാലും (17.6%), ദമ്മാമില്‍ 76.4 കോടി റിയാലും (7.2%) ഇടപാടുകള്‍ നടന്നു. മക്കയില്‍ 62.61 കോടി റിയാലിന്റെയും (17.2%) മദീനയില്‍ 61.8 കോടി റിയാലിന്റെയും (19%) വിപണനമാണ് നടന്നത്.
Related News