കാഠ്മണ്ഡു: ഭീകരമായ പ്രളയത്തിന് ഇരയായ നേപ്പാളില്‍, ദുരന്തം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം രണ്ടുപേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്തി. ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് പൗരനെയും, മണ്ണുമൂടിയ വീടിനുള്ളില്‍ അകപ്പെട്ട സ്ത്രീയെയുമാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.
ആയിരക്കണക്കിന് ആളുകളെ കാണാതായ ഈ വന്‍ ദുരന്തത്തിന് ശേഷം പ്രത്യാശയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ അത്ഭുത രക്ഷാപ്രവര്‍ത്തനങ്ങള്‍.
ത്രിശൂലി 3A പദ്ധതിയുടെ തുരങ്കത്തിനുള്ളില്‍ ഒന്‍പത് ദിവസമായി കുടുങ്ങിക്കിടന്ന രണ്ട് നേപ്പാളി തൊഴിലാളികളെ വെള്ളിയാഴ്ച ജീവനോടെ പുറത്തെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ചൈനീസ് പൗരനെയും രക്ഷപ്പെടുത്തിയത്. തുരങ്കത്തിനുള്ളില്‍ നിന്ന് മനുഷ്യശബ്ദം കേട്ടതിനെ തുടര്‍ന്ന് രക്ഷാസേന തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.
നേപ്പാള്‍ സൈന്യവും ദക്ഷിണ കൊറിയന്‍ ദുരന്തനിവാരണ വിദഗ്ദ്ധരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് 225 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ നിന്ന് ചൈനീസ് പൗരനെ രക്ഷപ്പെടുത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ അടിയന്തര വൈദ്യപരിശോധനയ്ക്കായി മാറ്റി.
ഇതോടെ ത്രിശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്ന് ജീവനോടെ പുറത്തെടുത്ത തൊഴിലാളികളുടെ എണ്ണം മൂന്നായി. തുരങ്കത്തില്‍ നിന്ന് ഇദ്ദേഹത്തെ സ്‌ട്രെച്ചറില്‍ പുറത്തെത്തിക്കുന്നതിന്റെയും, ഹെലികോപ്റ്ററിനുള്ളില്‍ വെച്ച് സൈനിക മെഡിക് പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.