നെടുമ്പാശ്ശേരി: കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മരണനിരക്ക് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 25ഓളം അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളാണ് സ്വദേശങ്ങളിലേക്ക് കൊണ്ടുപോയത്. ഇതില്‍ 15ഓളം മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അതിഥി വെല്‍ഫെയര്‍ ഫോറം എന്ന എന്‍ജിഒയുടെ നേതൃത്വത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.ശനിയാഴ്ച രാത്രിയിലെ വിവിധ വിമാനങ്ങളിലായി അഞ്ച് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളം വഴി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
അപകടമരണം, ആത്മഹത്യ, സാംക്രമിക രോഗങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാണ് മരണങ്ങള്‍ക്ക് പിന്നില്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവര്‍.കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന തൊഴിലാളിയുടെ അപ്രതീക്ഷിത മരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനൊപ്പം മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും കുടുംബങ്ങള്‍ക്ക് അധികബാധ്യതയാകുന്നു.
തൊഴില്‍ ഉടമയുള്ള തൊഴിലാളിയാണെങ്കില്‍ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ പകുതിയിലേറെ തൊഴിലാളികള്‍ക്കും സ്ഥിരമായ തൊഴില്‍ ഉടമകളില്ല. അതിനാല്‍ ഇത്തരം തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കുടുംബങ്ങള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തുകയോ, സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് പിരിവെടുക്കുകയോ ചെയ്യേണ്ടിവരുന്നു.ഈ സാഹചര്യത്തിലാണ് അതിഥി വെല്‍ഫെയര്‍ ഫോറത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കുറഞ്ഞ ചെലവില്‍ സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഇവര്‍ ഏകോപിപ്പിക്കും.തൊഴിലാളിയുടെ മരണവിവരം സംഘടനയെ അറിയിക്കുന്നതോടെ,വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ആശുപത്രികള്‍,പോലീസ്,വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം എന്നിവരുമായി ബന്ധപ്പെടുകയും പോലീസ് എന്‍ ഒ സി , എംബാമിങ്, കോഫിന്‍ തയ്യാറാക്കല്‍, ആവശ്യമായ രേഖകള്‍, വിമാന കാര്‍ഗോ ബുക്കിങ്ങ് ഉള്‍പ്പെടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മരണാനന്തര കാര്യങ്ങള്‍ സംഘടന ഏകോപിപ്പിക്കുന്നു.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിലും സംഘടനയുടെ ഇടപെടല്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. മുന്‍പ് വിമാനം മാര്‍ഗ്ഗം മൃതദേഹം കൊണ്ടുപോകുന്നതിന് സ്വകാര്യ ഏജന്‍സികള്‍ 50,000 രൂപയോളമാണ് ഈടാക്കിയിരുന്നത്.ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരാറുണ്ട്.സംഘടന വഴി മൃതദേഹം കൊണ്ടുപോകുമ്പോള്‍ 25,000 രൂപയോളമാണ് ചിലവ് വരുന്നത്.വിമാനമാര്‍ഗം മൃതദേഹം അയക്കുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വഴിയാണ് മൃതദേഹങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 200ഓളം അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങളാണ് അതിഥി വെല്‍ഫെയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടാതെ,വാഹനാപകടങ്ങളില്‍ മരിച്ച ഡ്രൈവര്‍മാര്‍,അപകടത്തില്‍ മരണപ്പെട്ട ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങളും എത്തിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.പശ്ചിമബംഗാള്‍, ഒഡീഷ, അസം, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും സംഘടനയുടെ സേവനം വ്യാപിച്ചിട്ടുണ്ട്.
മരണത്തിന് ശേഷമുള്ള നടപടിക്രമങ്ങള്‍ കുടുംബങ്ങള്‍ക്ക് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ആശുപത്രി, പോലീസ്, സര്‍ക്കാര്‍ വകുപ്പുകള്‍, വിമാനത്താവളം, കാര്‍ഗോ സംവിധാനങ്ങള്‍ തുടങ്ങി വിവിധ തലങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിവരും. ഈ മുഴുവന്‍ പ്രക്രിയയിലും കുടുംബത്തോടൊപ്പം നിന്ന് ആവശ്യമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും മൃതദേഹം മാന്യമായി സ്വദേശത്ത് എത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയുമാണ് അതിഥി വെല്‍ഫെയര്‍ ഫോറം ചെയ്യുന്നത്.
18% ജിഎസ്ടിയാണ് മൃതദേഹം കൊണ്ടു പോകുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്നത്.മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ജി എസ് ടി ഒഴിവാക്കി കിട്ടിയാല്‍ വീണ്ടും ചിലവ് കുറയ്ക്കാന്‍ കഴിയുമെന്ന് സംഘടനയുടെ ഭാരവാഹികളായ ബാവാ ഹുസൈനും,ഷിഹാബ് പറേലിയും പറഞ്ഞു.ഒരാഴ്ചയ്ക്കിടെ 25ഓളം അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൊച്ചി വഴി സ്വദേശങ്ങളിലേക്ക് കൊണ്ടുപോയ സാഹചര്യം തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യസംരക്ഷണവും സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുകയാണ്. അതേസമയം, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അവസാന യാത്രയിലും താങ്ങായി നില്‍ക്കുന്ന സന്നദ്ധ ഇടപെടലിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.മരണം സംഭവിച്ചാല്‍ സംഘടന ഭാരവാഹികളെ 9946703272 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Related News