ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം വഷളാവുന്നു. നിയമപരമായ അപ്പീലിന് അവകാശം നല്‍കാതെ സഹാറന്‍പൂര്‍ കലക്ടറേറ്റ് സമുച്ചയത്തിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ളി പള്ളി പൊളിച്ചതിന് പിന്നാലെ മറ്റൊരു പള്ളിക്കും നോട്ടീസ് നല്‍കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ തീര്‍ത്ഥങ്കര്‍ മഹാവീര്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള മുസ്തഫ മസ്ജിദിനാണ് മുറാദാബാദ് ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിക്ക് പിന്നാലെ കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെട്ടതോടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.
മസ്ജിദ് സ്ഥലം യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് സന്ദര്‍ശിച്ചു. മതസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിയുടെ പേരില്‍ ഏകപക്ഷീയമായ സമീപനം സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയുടെ അംഗീകൃത കെട്ടിടപദ്ധതിയും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഭരണകൂടം എല്ലാ നിര്‍മാണങ്ങള്‍ക്കും ഒരേ മാനദണ്ഡം പ്രയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹാറന്‍പൂരില്‍ അടുത്തിടെ നടന്ന പള്ളി പൊളിക്കല്‍ നടപടിയും അജയ് റായ് ചൂണ്ടിക്കാട്ടി. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിര്‍മാണങ്ങള്‍ പൊളിക്കുന്ന സാഹചര്യം ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുസ്തഫ മസ്ജിദിനെതിരെയും സമാനമായ നീക്കമുണ്ടായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്ന നീക്കങ്ങളെ ചെറുക്കുമെന്നും ക്ഷേത്രങ്ങളെയും പള്ളികളെയും ഒരുപോലെ സംരക്ഷിക്കണമെന്നും റായ് വ്യക്തമാക്കി.
മസ്ജിദിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളും അംഗീകാരങ്ങളും പരിശോധിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഓഗസ്റ്റ് 21ന് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് ആദ്യ നോട്ടീസ് നല്‍കി സെപ്റ്റംബര്‍ മൂന്നിനകം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെന്നാണ് അധികൃതരുടെ നിലപാട്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിന് രണ്ടാമത്തെ നോട്ടീസ് നല്‍കി. സെപ്റ്റംബര്‍ 25നാണ് നിര്‍ണായക ഹിയറിങ്. നിര്‍മാണപദ്ധതി, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍, ലേഔട്ട് അനുമതികള്‍ തുടങ്ങിയവ ഹിയറിങ്ങില്‍ പരിശോധിക്കും.
എസ്.പി എം.പി റുചി വീര നേരത്തെ തന്നെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. മസ്ജിദിനെതിരായ നടപടി ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് അവര്‍ ആരോപിച്ചു. അതേസമയം, മുറാദാബാദിലെ അനുമതിയില്ലാത്ത വാണിജ്യ നിര്‍മാണങ്ങളുടെയും മറ്റു അനധികൃത കെട്ടിടങ്ങളുടെയും പട്ടിക തയ്യാറാക്കി, രാഷ്ട്രീയ പക്ഷപാതമില്ലാതെ അവയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് എസ്.പി ആവശ്യപ്പെട്ടു.
സഹാറന്‍പൂരിലെ നൂറ്റമ്പതിലേറെ വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചതിന് പിന്നാലെയാണ് മുറാദാബാദ് നടപടി ഉണ്ടായത്. ഇതോടെ 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മത ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ നിര്‍മാണനിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്ന നിയമപരമായ ഭരണനടപടിയാണ് ഇതെന്നാണ് അധികൃതരുടെ നിലപാട്.
Related News