റിയാദ്: ഈന്തപ്പന അവശിഷ്ടങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ മദീന മേഖലയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കുലര്‍ ഇക്കോണമിയില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഈന്തപ്പന മേഖലയിലെ തങ്ങളുടെ മുന്‍തൂക്കം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അല്‍-മദീന അല്‍-മുനവ്വറ ചേംബറിന്റെ സാമ്പത്തിക ബുള്ളറ്റിന്‍ പ്രകാരം, സൗദി അറേബ്യയുടെ ആകെ ഈന്തപ്പനകളുടെ ഏകദേശം 21 ശതമാനവും ഈ മേഖലയിലാണുള്ളത്.
ഇവിടെ ഏകദേശം 26,000 ഫാമുകളും 8.1 ദശലക്ഷത്തോളം ഈന്തപ്പനകളുമാണുള്ളത്. ഓരോ പനയും വര്‍ഷം തോറും 20 മുതല്‍ 23 കിലോഗ്രാം വരെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നുണ്ട്. ഇതനുസരിച്ച് മേഖലയിലെ മൊത്തം വാര്‍ഷിക അവശിഷ്ടം 1,62,000 മുതല്‍ 1,86,000 ടണ്‍ വരെ വരുമെന്ന് കണക്കാക്കപ്പെടുന്നു.
ഈന്തപ്പന അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് തടിയും കോമ്പോസിറ്റ് ബോര്‍ഡുകളും നിര്‍മ്മിക്കാന്‍ സാധിക്കും. ജൈവ വളം, ബയോചാര്‍, ചാക്കോള്‍ ബ്രിക്കറ്റുകള്‍ എന്നിവ ഉത്പാദിപ്പിക്കാം. ജൈവ ഇന്ധന പെല്ലറ്റുകള്‍, പ്രകൃതിദത്ത നാരുകള്‍ എന്നിവയും തയ്യാറാക്കാം. ഇന്‍സുലേഷന്‍ മെറ്റീരിയലുകള്‍, ഈന്തപ്പഴ കുരു എണ്ണ എന്നിവയും ഇതില്‍ നിന്ന് ലഭ്യമാകും. കൂടാതെ മരത്തടി കൊണ്ടുളള ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കാന്‍ കഴിയും.
അവശിഷ്ടങ്ങള്‍ ശേഖരിക്കുക, തരംതിരിക്കുക, സംസ്‌കരിക്കുക മുതല്‍ ഉത്പാദനവും വിപണനവുമടങ്ങുന്ന പുതിയ ഉത്പാദന ശൃംഖലകള്‍ക്ക് ഈ വ്യവസായങ്ങള്‍ വഴിതുറക്കും. ഇത് മേഖലയില്‍ കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഈന്തപ്പന ഉല്‍പ്പന്നങ്ങളെ വൈവിധ്യവത്കരിക്കുന്നതിനും, വിഭവങ്ങളുടെ ഉപയോഗക്ഷമത പരമാവധി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Related News