കോഴിക്കോട്: വിമര്‍ശനവും സ്വയംവിമര്‍ശനവും ഉള്‍ക്കൊണ്ട് സി.പി.എമ്മിനെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അസാധാരണമല്ലെന്നും അവയെ മാധ്യമങ്ങള്‍ അതിശയോക്തിയോടെ അവതരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ എല്ലാ തലങ്ങളിലും നടപ്പാക്കുകയും മൂന്ന് മാസത്തിലൊരിക്കല്‍ അവയുടെ പുരോഗതി പരിശോധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയിലും മാറ്റം വേണമെന്നതാണ് യോഗത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, രാഷ്ട്രീയ ഉള്ളടക്കം ശക്തിപ്പെടുത്തുക, പാര്‍ട്ടി അംഗങ്ങളുടെ പ്രത്യയശാസ്ത്രബോധം വര്‍ധിപ്പിക്കുക, ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ മേഖലകളിലെ തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ കാരണങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പരിശോധന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ മാത്രം ഒതുങ്ങില്ല; ബ്രാഞ്ച് തലത്തിലെ സംഘടനാ പ്രവര്‍ത്തനം മുതല്‍ ജനങ്ങളുമായുള്ള ബന്ധംവരെ പരിശോധിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകള്‍ക്കെതിരെ സമാനചിന്താഗതിക്കാരായ കക്ഷികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി ദേശീയതലത്തില്‍ വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റി ചര്‍ച്ചകളില്‍ ഉയര്‍ന്നതായി ഗോവിന്ദന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ.ഡി. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ഇ.ഡി. നടപടികള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെതിരെ യോഗത്തില്‍ പ്രത്യേക പ്രമേയം കൊണ്ടുവരണമോയെന്നത് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വലതുപക്ഷവല്‍ക്കരണവും വര്‍ഗീയതയും ശക്തിപ്പെടുന്നതായി സി.പി.എം വിലയിരുത്തുന്നതായും ഗോവിന്ദന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ വര്‍ഗീയതയെ ചെറുക്കുന്ന പ്രവര്‍ത്തനത്തില്‍ വിശ്വാസികളെ മാറ്റിനിര്‍ത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന്റെ വേദികളായി മാറരുത്. വിശ്വാസികള്‍ എല്ലാവരും വര്‍ഗീയവാദികളല്ല; വിശ്വാസത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നവരെയാണ് എതിര്‍ക്കേണ്ടത് എന്നതാണ് പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനമെന്നും അദ്ദേഹം പറഞ്ഞു. ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളെപ്പോലെ വിവിധ മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്കും പൊതുസ്വഭാവമുള്ള സാമൂഹിക ഇടം രൂപപ്പെടുത്താനുള്ള ബോധപൂര്‍വമായ ഇടപെടല്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനും പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കാനും തീരുമാനമുണ്ടാകുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സംശയങ്ങള്‍ക്ക് വേഗത്തില്‍ മറുപടി ലഭിക്കുന്ന സംവിധാനമായിരിക്കും ഇത്. ഇ.എം.എസ് അക്കാദമി, എ.കെ.ജി പഠനഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ശാസ്ത്രബോധം വളര്‍ത്തുന്നത് പ്രധാന അജന്‍ഡയാക്കുകയും ചെയ്യും. നവമാധ്യമ രംഗത്ത് താഴെത്തട്ടിലേക്കു വരെ പാര്‍ട്ടി ഇടപെടല്‍ വ്യാപിപ്പിക്കാനും സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ബി.ജെ.പി കേരളത്തില്‍ സ്വാധീനം വിപുലപ്പെടുത്താനുള്ള ശ്രമം ശക്തമാക്കുകയാണെന്നും അതിന് ഇടതുപക്ഷം ഫലപ്രദമായ രാഷ്ട്രീയ മറുപടി നല്‍കേണ്ടതുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിയെ രക്ഷിക്കാനുള്ള വഴി പ്രതിരോധം മാത്രമല്ല, സ്വന്തം ദൗര്‍ബല്യങ്ങളെ തുറന്ന് പരിശോധിച്ച് തിരുത്തലിലേക്ക് നീങ്ങുക കൂടിയാണെന്ന സന്ദേശമാണ് കോഴിക്കോട് യോഗത്തില്‍നിന്ന് സി.പി.എം നേതൃത്വം നല്‍കുന്നത്.
Related News