ബംഗളൂരു: സ്ത്രീകളുടെ പൊതുപ്രവേശനവും നിയമനിര്‍മാണ സഭകളിലെ സ്ത്രീ സംവരണവും വലിയ ചര്‍ച്ചാ വിഷയമാവുമ്പോള്‍ പുരുഷാധിപത്യ കേന്ദ്രമായി തുടര്‍ന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ്. രാജ്യത്ത് സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കണമെന്ന നിലപാട് നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് കര്‍ണാടകയില്‍ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള 33 അംഗ മന്ത്രിസഭയില്‍ ഒരു വനിത പോലുമില്ലെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടനയിലും സ്ത്രീകള്‍ തഴയപ്പെട്ടു.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.കെ. ഹരിപ്രസാദ് പുതുതായി പ്രഖ്യാപിച്ച 35 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി.) അധ്യക്ഷന്മാരുടെ പട്ടികയിലും ഒരു വനിതയുമില്ല.
വനിതകളെ ഉള്‍പ്പെടുത്താത്തതിനെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിച്ചു. പുതിയ ടീമില്‍ വനിതകള്‍ വൈസ് പ്രസിഡന്റുമാരായും ജനറല്‍ സെക്രട്ടറിമാരായും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഡി.സി.സികളിലെ ശേഷിക്കുന്ന ഒഴിവുകളില്‍ വനിതകള്‍ക്ക് അവസരം നല്‍കാനാകുമെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. പാര്‍ട്ടിയുടെ സംഘടനാ ഘടന പ്രകാരം ആകെ 40 ഡി.സി.സികള്‍ വരാമെന്നതിനാല്‍ അഞ്ച് ഒഴിവുകളെങ്കിലും അവശേഷിക്കുന്നുണ്ടെന്നും ഈ ഒഴിവുകളില്‍ വനിതകളെ പരിഗണിക്കാമെന്നും നേതൃത്വം വ്യക്തമാക്കി.
സര്‍ക്കാരിന്റെ രാഷ്ട്രീയ സമീപനവും ചോദ്യം ചെയ്യപ്പെടുകയാണ്. അധികാരത്തിലെ 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ഡി.കെ. ശിവകുമാര്‍ ഗൃഹലക്ഷ്മി, ശക്തി തുടങ്ങിയ വനിതാകേന്ദ്രിത പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ തന്റെ 100 ദിവസത്തെ സന്ദേശത്തിലും 2037ലെ 'ദൃഢ കര്‍ണാടക' ദര്‍ശനരേഖയിലും സ്ത്രീകളെ പ്രധാന രാഷ്ട്രീയ വിഭാഗമായി അവതരിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവും ഉയര്‍ന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മന്ത്രിസഭയില്‍ രണ്ട് പുനഃസംഘടനകള്‍ നടന്നിട്ടും വനിതാ മന്ത്രിയെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. അന്നപൂര്‍ണ തുക്കാറാമിന്റെ പേര് മന്ത്രിസഭയിലെ ഒഴിവിലേക്കായി പരിഗണിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ സൂചനകള്‍.
പുതിയ സംഘടനാ സംവിധാനത്തിന് അടിത്തട്ടില്‍നിന്ന് പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും അതിന് വ്യാപകമായ യാത്രയും ഫീല്‍ഡ് പ്രവര്‍ത്തനവും ആവശ്യമാണെന്നും ഇത് പല സ്ത്രീകള്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടാകാമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. എന്നാല്‍ ഈ വിശദീകരണം തന്നെ സ്ത്രീകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന സമീപനമാണെന്ന വിമര്‍ശനവും ശക്തമാണ്.
വനിതാ മന്ത്രിയെ ഉള്‍പ്പെടുത്താത്തതില്‍ സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി അതൃപ്തി രേഖപ്പെടുത്തി. ബി.ജെ.പി. മഹിളാ മോര്‍ച്ച അധ്യക്ഷ സി. മഞ്ജുളയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. എസ്.എം. കൃഷ്ണയുടെ കാലത്തെ നാല് വനിതാ മന്ത്രിമാരെ ഓര്‍ക്കാതെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഭരണകാലത്തെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പിയിലും സ്ഥിതി മികച്ചതല്ലെന്ന് മഞ്ജുള സമ്മതിച്ചു. കര്‍ണാടക രാഷ്ട്രീയത്തിലെ പുരുഷാധിപത്യമാണ് പ്രധാന പ്രശ്‌നമെന്നും ജനസംഖ്യയുടെ പകുതിയായ സ്ത്രീകളുടെ കഴിവുകള്‍ അധികാരത്തിലും നേതൃത്വത്തിലും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള രാഷ്ട്രീയ കാഴ്ചപ്പാട് ഇനിയും വളരേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Related News