ജിദ്ദ: വിശ്വാസികളുടെ ജീവിതലക്ഷ്യമായ പരലോക മോക്ഷത്തിന് തൗഹീദ് (ഏകദൈവ വിശ്വാസം) പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അത് ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഏകമാര്‍ഗമെന്നും, സ്വര്‍ഗം നിഷിദ്ധമാക്കപ്പെടുന്ന വിശ്വാസരംഗത്തെ പുഴുക്കുത്തുകള്‍ വളരെ ഗൗരവത്തോടെ കാണണമെന്നും പ്രമുഖ പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവിയുമായ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ഉല്‍ബോധിപ്പിച്ചു. ജിദ്ദാ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഷറഫിയ്യ അനസ് ബിന്‍ മാലിക് സെന്ററില്‍ സംഘടിപ്പിച്ച 'മജ്ലിസുല്‍ ഇല്‍മില്‍' 'വ്യതിചലിച്ച കക്ഷികള്‍' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് നബിയും സച്ചരിതരായ സ്വഹാബത്തും തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിന് പകര്‍ന്നുനല്‍കിയ, ഉത്തമ നൂറ്റാണ്ടുകളിലെ താബിഉകള്‍ കൃത്യമായി അനുധാവനം ചെയ്ത വിശ്വാസധാരയാണ് അഹ്ലുസ്സുന്ന-വല്‍-ജമാഅ. അഹ്ലുസ്സുന്നയുടെ പേരില്‍ രംഗപ്രവേശനം ചെയ്ത ബിദഈ കക്ഷികള്‍ ഇസ്ലാമിലെ മൂലപ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും സ്വഹീഹായ ഹദീസുകളും ദുര്‍വ്യാഖ്യാനിച്ചും പ്രവാചകന്റെ പേരില്‍ കളവുകള്‍ കെട്ടിച്ചമച്ചും വിശ്വാസികളെ ചൂഷണം ചെയ്യുകയും അവരെ യഥാര്‍ത്ഥ പ്രമാണങ്ങളില്‍ നിന്നകറ്റി വിശ്വാസ വൈകല്യങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
സമകാലിക സാഹചര്യങ്ങളില്‍ ഇസ്ലാമിക ലോകത്ത് വിശ്വാസികളുടെ രക്ഷകരായി പരിചയപ്പെടുത്തപ്പെടുകയും ഹീറോ പരിവേഷം ചാര്‍ത്തപ്പെടുകയും ചെയ്യുന്നവരുടെ വിശ്വാസ വൈകല്യങ്ങള്‍ ഏറെ അപകടകരവും പ്രമാണ വിരുദ്ധവുമാണ്. കക്ഷിത്വത്തിന്റെയും വികലവിശ്വാസങ്ങളുടെയും അടിത്തറയില്‍ കെട്ടിപ്പൊക്കിയ അത്തരക്കാരെ തിരിച്ചറിയുകയും അറിഞ്ഞോ അറിയാതെയോ അവരുടെ പക്ഷം ചേരുന്നത് സൂക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഉണര്‍ത്തി.
നവംബര്‍ അവസാന വാരത്തില്‍ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വൈജ്ഞാനിക സദസ്സ് രാവിലെ 9:00 മണിക്ക് ആരംഭിച്ച് നാല് സെഷനുകളിലായി വൈകുന്നേരം 4:30-നാണ് അവസാനിച്ചത്. സ്ത്രീകളും പുരുഷന്മാരുമടക്കം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഇരുനൂറോളം ആളുകള്‍ സദസ്സില്‍ പങ്കെടുത്തു. പഠിതാക്കളുടെ സംശയങ്ങള്‍ക്ക് അബ്ദുല്‍ ജബ്ബാര്‍ മദീനി മറുപടി നല്‍കി. ഓരോ സെഷനു ശേഷവും നടത്തപ്പെട്ട ക്വിസ് മത്സരങ്ങളും വിജയികള്‍ക്കുള്ള സമ്മാനദാനവും വൈജ്ഞാനിക സദസ്സിന് മാറ്റുകൂട്ടി.
അനസ് ബിന്‍ മാലിക് മദ്രസാ പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് സുല്ലമി ആമുഖ ഭാഷണം നിര്‍വഹിച്ചു. ജെ.ഡി.സി.സി. ഭാരവാഹികളായ സുനീര്‍ പുളിക്കല്‍, ഫൈസല്‍ വാഴക്കാട്, നബീല്‍ പാലപ്പറ്റ, അബ്ദുര്‍റശീദ് ചേരൂര്‍, സല്‍മാന്‍ ബാലുശ്ശേരി, റൗനഖ് ഓടക്കല്‍, നൗഫല്‍ പീടിയേക്കല്‍, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, സൗബാന്‍ മൊറയൂര്‍, അബ്ദുല്‍ ഗനി, അഫീഫ്, അബ്ദുല്‍ ജബ്ബാര്‍ തിരൂരങ്ങാടി, സെന്റര്‍ ദാഇ അബ്ദുര്‍റഊഫ് അല്‍-ഹികമി തുടങ്ങിയവര്‍ മജ്ലിസിന് നേതൃത്വം നല്‍കി.