റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ രക്ഷാകര്‍തൃത്വത്തില്‍ നാലാമത് റിയാദ് ആഗോള മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിക്ക് സൗദി അറേബ്യയില്‍ തുടക്കം.
ദേശീയ കാവല്‍ മന്ത്രിയും റിയാദ് ബയോസെന്‍ട്രല്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗവുമായ പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 16 വരെ നീളുന്ന ഉച്ചകോടിയുടെ ഈ വര്‍ഷത്തെ പ്രമേയം 'മെഡിക്കല്‍ ബയോടെക്‌നോളജിയിലെ മികവിന്റെ അടിത്തറ നിര്‍മ്മിക്കുന്നു' എന്നതാണ്.
ദേശീയ കാവല്‍ മന്ത്രാലയത്തിന് കീഴിലുള്ള ഹെല്‍ത്ത് അഫയേഴ്‌സ്, കിങ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹെല്‍ത്ത് സയന്‍സസ്, കിങ് അബ്ദുല്ല ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. നിക്ഷേപ മന്ത്രാലയവും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിന്റെ തന്ത്രപരമായ പങ്കാളികളാണ്. ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കള്‍, ഗവേഷകര്‍, നവീനാശയ വിദഗ്ധര്‍, നിക്ഷേപകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ തന്ത്രങ്ങള്‍, നിയന്ത്രണ ചട്ടക്കൂടുകള്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപ അവസരങ്ങള്‍, മാനവ ശേഷി വികസനം എന്നിവയ്ക്കാണ് ഉച്ചകോടി മുന്‍ഗണന നല്‍കുന്നത്. പ്രമുഖ സര്‍വകലാശാലകളുടെ അധ്യക്ഷന്മാര്‍, സി.ഇ.ഒമാര്‍, ഗവേഷകര്‍ ഉള്‍പ്പെടെ നൂറിലധികം പ്രഭാഷകര്‍ ചടങ്ങില്‍ സംസാരിക്കുന്നുണ്ട്.
ഉച്ചകോടിയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ സര്‍ക്കാര്‍, അക്കാദമിക്, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ സംഘടനകള്‍ തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ പാനല്‍ ചര്‍ച്ചകള്‍, ശാസ്ത്രീയ സെഷനുകള്‍, വര്‍ക്ക്ഷോപ്പുകള്‍, കരാറുകളില്‍ ഒപ്പുവെക്കല്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
Related News