ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് എന്‍.ഡി.എ സഖ്യകക്ഷികളില്‍ ഭിന്നത. പ്രധാന സഖ്യകക്ഷികളായ ടി.ഡി.പിയും ശിവസേനയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും (സെക്യുലര്‍) പിന്തുണച്ചപ്പോള്‍, ബിഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യു സംസ്ഥാനത്ത് ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ലോക്‌സഭയിലെ ടി.ഡി.പി. നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു നിയമത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍ വിവിധ വിഭാഗങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്‌ലിം സമൂഹത്തോടൊപ്പം നില്‍ക്കുമെന്ന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നായിഡു പറഞ്ഞിരുന്നു. എന്നാല്‍ നിലപാട് മയപ്പെടുത്തിയതായാണ് പുതിയ പ്രതികരണം സൂചിപ്പിക്കുന്നത്. ആന്ധ്രയിലെ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ക്ക് ഏകദേശം പത്ത് ശതമാനം പങ്കുണ്ടെന്നതും രാഷ്ട്രീയമായി പ്രധാനമാണ്.
അതേസമയം ബിഹാറില്‍ ഏക സിവില്‍ കോഡ് നടപ്പാക്കില്ലെന്ന നിലപാടിലാണ് ജെ.ഡി.യു. പാര്‍ട്ടി നേതാവ് ശ്യാം രജക്, പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമ്പോഴും ബിഹാറില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിതീഷ് കുമാറിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. ദേശീയതലത്തില്‍ ബില്ലിനെക്കുറിച്ച് ബി.ജെ.പി. നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് ജെ.ഡി.യു ദേശീയ പ്രവര്‍ത്തക അധ്യക്ഷന്‍ സഞ്ജയ് ഝായും പറഞ്ഞു.
മറ്റൊരു ബിഹാര്‍ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) കരട് നിയമമോ രൂപരേഖയോ ലഭിച്ചശേഷം നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പശ്ചിമ ബംഗാളില്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ശമിക് ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ പുതിയ സഖ്യകക്ഷിയായ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ വിഷയത്തില്‍ ആദ്യം വിശദമായ ചര്‍ച്ച വേണമെന്നാണ് നിലപാട് സ്വീകരിച്ചത്. ബംഗാളിലെ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ക്ക് 27 ശതമാനത്തിലേറെ ഉതിനാല്‍ ഇവിടെ ഏക സിവില്‍കോഡ് രാഷ്ട്രീയമായി കൂടുതല്‍ സങ്കീര്‍ണമായ വിഷയമാണ്.
സമത്വം, നീതി, ദേശീയ ഐക്യം എന്നിവയുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതാണ് ഏക സിവ ില്‍കോഡെന്ന് ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ പിന്തുണ പ്രഖ്യാപിച്ചു. എച്ച്.എ.എം (എസ്) നേതാവ് സന്തോഷ് കുമാര്‍ സുമനും അമിത് ഷായുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
ലോക്‌സഭയില്‍ ടി.ഡി.പിക്ക് 16, ശിവസേനയ്ക്ക് 13, ജെ.ഡി.യുവിന് 12, എല്‍.ജെ.പി. (ആര്‍.വി)ക്ക് അഞ്ച്, എച്ച്.എ.എം. (എസ്)ന് ഒരു അംഗവുമാണുള്ളത്. അതിനാല്‍ സഖ്യകക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അനിവാര്യമാണ്.
Related News