ദുബായ്: ദുബായ് വിമാനത്താവളത്തിലെ അതിവേഗ സേവനം വീണ്ടും വാര്‍ത്ത സൃഷ്ടിച്ചു. യാത്ര പുറപ്പെടാനിരിക്കെ പാസ്‌പോര്‍ടിന്റെ കാലാവധി കഴിയാറായ യു.എ.ഇ പൗരന് വിമാനത്താവളത്തിലെ അതിവേഗ സര്‍വീസ് വഴി പുതിയ പാസ്‌പോര്‍ട് ലഭിച്ചത് വെറും എട്ട് മിനിറ്റ് കൊണ്ട്.
യാത്രയ്ക്ക് തൊട്ടുമുമ്പാണ് പാസ്‌പോര്‍ട്ടിന് ആറുമാസത്തെ കാലാവധി ഇല്ലെന്ന് യാത്രക്ക് ഇത്രയും കാലാവധി ആവശ്യമാണെന്നും യു.എ.ഇ പൗരന്‍ തിരിച്ചറിഞ്ഞത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ലഭിച്ചത് അപ്രതീക്ഷിത പരിഹാരം. യാത്ര മുടങ്ങുമെന്ന ആശങ്കയ്ക്കിടയിലാണ് വിമാനത്താവളത്തിലെ ഡിജിറ്റല്‍ സംവിധാനം അദ്ദേഹത്തിന് തുണയായത്.
യാത്ര ചെയ്യാനിരുന്ന രാജ്യത്തിന്റെ നിയമപ്രകാരം പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ശേഷിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരന്റെ പാസ്‌പോര്‍ട്ടിന് ഏകദേശം ഒരു മാസം കൂടി മാത്രമാണ് കാലാവധി ഉണ്ടായിരുന്നത്. എന്നാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക പാസ്‌പോര്‍ട്ട് പുതുക്കല്‍ സേവനം ഉപയോഗിച്ച് അദ്ദേഹം പുതിയ പാസ്‌പോര്‍ട്ട് സ്വന്തമാക്കി. സാധാരണയായി 10 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ട് മിനിറ്റിനുള്ളില്‍ തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചതായി യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
യു.എ.ഇ പൗരന്മാര്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 അറൈവല്‍സ് മേഖലയിലെ ഇമിഗ്രേഷന്‍ സെന്ററിലാണ് പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്. യു.എ.ഇയുടെ സര്‍ക്കാര്‍ ഇമിഗ്രേഷന്‍, പൗരത്വ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് സേവനം പ്രവര്‍ത്തിക്കുന്നത്.
അപേക്ഷകന്റെ വിവരങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിനാല്‍ പരമ്പരാഗത രീതിയിലുള്ള ദീര്‍ഘമായ നടപടിക്രമങ്ങള്‍ ഒഴിവാക്കാനാകും.
പാസ്‌പോര്‍ട്ട് പുതുക്കാന്‍ മുമ്പ് ഏകദേശം **35 മിനിറ്റ് വേണ്ടിയിരുന്നെങ്കില്‍ സ്മാര്‍ട്ട് സംവിധാനത്തിലൂടെ അത് ഏകദേശം ഏഴ് മിനിറ്റായി കുറച്ചിരുന്നു. പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട നടപടികളിലെ ഘട്ടങ്ങളുടെ എണ്ണം 20ല്‍നിന്ന് ഒന്നായി കുറച്ചതായി അധികൃതര്‍ അവകാശപ്പെട്ടു.
എന്നാല്‍ ദുബായ് വിമാനത്താവളത്തിലെ ഈ സൗകര്യം എല്ലാ യാത്രക്കാര്‍ക്കുമുള്ളതല്ല. യുഎഇ പൗരന്മാര്‍ക്ക് മാത്രമാണ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ഈ പ്രത്യേക സേവനം ലഭിക്കുക.
ഇന്ത്യയില്‍ വിമാനത്താവളത്തില്‍വച്ച് പാസ്‌പോര്‍ട്ട് പുതുക്കാനുള്ള സമാനമായ സൗകര്യമില്ല. ഇന്ത്യന്‍ പൗരന്മാര്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും ആവശ്യമായ പരിശോധനകളും അപ്പോയിന്റ്‌മെന്റ് നടപടികളും പൂര്‍ത്തിയാക്കുകയും വേണം.
Related News