ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം സൃഷ്ടിച്ച ഇന്ധനഊര്‍ജ പ്രതിസന്ധിയുടെ ആഘാതം നേരിടാന്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികളുമായി പാകിസ്താന്‍. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വിദേശയാത്രയ്ക്കും ഔദ്യോഗിക അത്താഴവിരുന്നുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ വിവാഹച്ചടങ്ങുകളില്‍ ഒരു വിഭവം മാത്രം വിളമ്പണമെന്ന നിര്‍ദേശവും പുതിയ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
അടുത്ത മൂന്ന് മാസത്തേക്ക് ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധനവിതരണം 50 ശതമാനം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ജീവനക്കാരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്ത ചെലവുകളുടെ ബജറ്റില്‍ അഞ്ച് ശതമാനം കുറവും വരുത്തും. വിവരസാങ്കേതിക ഉപകരണങ്ങള്‍ ഒഴികെയുള്ള എല്ലാ ദീര്‍ഘകാല ഉപയോഗ സാധനങ്ങളും സര്‍ക്കാര്‍ വാങ്ങുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി.
അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്ര പൂര്‍ണമായി നിരോധിച്ചു. നിര്‍ബന്ധിത ഔദ്യോഗിക യാത്രകള്‍ക്കും ഇളവില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. സാധ്യമായിടത്ത് നേരിട്ടുള്ള യോഗങ്ങള്‍ക്ക് പകരം ടെലികോണ്‍ഫറന്‍സിങ് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇക്കൊല്ലം മാര്‍ച്ചിലും പാകിസ്താന്‍ സമാനമായ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചിടുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഇന്ധന ഉപഭോഗം കുറയ്ക്കുകയും ജീവനക്കാരോട് സാധ്യമായിടത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്ത് ഗ്യാസ്, വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ദ്രവീകൃത പ്രകൃതിവാതകമായ ിതരണത്തിലെ തടസ്സങ്ങള്‍ പാകിസ്താന്റെ ഊര്‍ജമേഖലയിലെ സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമായതിനാല്‍ ഇന്ധനവില ഉയരുന്നതും വിതരണത്തിലെ അനിശ്ചിതത്വവും പാകിസ്താന് ഇരട്ട സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്.
പെട്രോള്‍ വില ലിറ്ററിന് 4.10 പാകിസ്താന്‍ രൂപയും ഹൈസ്പീഡ് ഡീസല്‍ വില 6.41 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ പെട്രോള്‍ ലിറ്ററിന് 384.34 രൂപയും ഡീസലിന് 415.83 രൂപയുമായി.
അതേസമയം ഉപഭോക്താക്കള്‍ക്ക് വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ ഇന്ധന ആശ്വാസ പദ്ധതിയിലൂടെ സഹായം നല്‍കുമെന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് അറിയിച്ചു. പുതിയ പദ്ധതിപ്രകാരം മോട്ടോര്‍സൈക്കിള്‍, റിക്ഷ, ചെറിയ കാര്‍ ഉടമകള്‍ക്ക് നിശ്ചിത പ്രതിമാസ പരിധിക്കുള്ളില്‍ ലിറ്ററിന് 100 രൂപയുടെ സബ്‌സിഡി ലഭിക്കും.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ചെങ്കടല്‍ മേഖലയിലെ സംഘര്‍ഷ സാധ്യതകളും ആഗോള ഊര്‍ജവിപണിയില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്ന ആശങ്കയ്ക്കിടെയാണ് പാകിസ്താന്‍ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നടപടികള്‍ ശക്തമാക്കുന്നത്.
Related News