ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബില്‍ കേരളത്തില്‍ പരീക്ഷിച്ച തന്ത്രം ആവര്‍ത്തിക്കുമോ കോണ്‍ഗ്രസ്? ലോക്‌സഭാ എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറ്റിനിര്‍ത്തി സംസ്ഥാന നേതാക്കളെ മുന്നില്‍ നിര്‍ത്തുന്ന കേരള മാതൃക പഞ്ചാബിലും സ്വീകരിക്കണമോ എന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമാകുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ച കെട്ടിയിറങ്ങിയ എം.പിമാരെ ഒന്നായി മാറ്റിനിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വി.ഡി സതീശന്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു.
ഒരു തിരഞ്ഞെടുപ്പിലെ തന്ത്രം മറ്റൊരു സംസ്ഥാനത്ത് അതേപടി വിജയിക്കണമെന്നില്ലെങ്കിലും, കേരളത്തിലെ അനുഭവം പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന പരിഗണനകളിലൊന്നാണ്. കേരളത്തില്‍ ലോക്‌സഭാ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തീരുമാനത്തിന് പിന്നാലെ വി.ഡി. സതീശനെ സംസ്ഥാനത്തെ പ്രധാന മുഖമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ശക്തരായ നേതാക്കള്‍ പിന്നില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിന് ശേഷം സതീശനെ മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി പിന്തുണച്ചതോടെ ആ തന്ത്രത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു.
ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള സംസ്ഥാനമാണ് കേരളം-14 പേര്‍. ഏഴ് എംപിമാരുള്ള പഞ്ചാബാണ് തൊട്ടുപിന്നില്‍.
പഞ്ചാബിലെ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ രാജ വാറിങ് ലുധിയാനയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ജലന്ധറില്‍ നിന്നുള്ള ചരണ്‍ജിത് സിങ് ചന്നി, ഗുര്‍ദാസ്പുരില്‍ നിന്നുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, ഫത്തേഗഢ് സാഹിബില്‍ നിന്നുള്ള അമര്‍ സിങ് എന്നിവരും പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോക്‌സഭാംഗങ്ങളാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ പ്രതാപ് സിങ് ബജ്വ, മുന്‍ എം.പി വിജയ് ഇന്ദര്‍ സിംഗ്ല, മുതിര്‍ന്ന നേതാവ് ബ്രഹ്മ് മോഹീന്ദ്ര തുടങ്ങിയ സംസ്ഥാന നേതാക്കള്‍ താരതമ്യേന പിന്നിലാണ്.
ലോക്‌സഭാ എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിടയില്ലെങ്കില്‍ നിലവിലെ പഞ്ചാബ് തന്ത്രത്തില്‍ അവരുടെ പങ്ക് എത്രത്തോളം തുടരണം എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച. ഭരണഘടനാ ഭേദഗതികള്‍, വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം, 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിലെ പ്രതിപക്ഷ പോരാട്ടത്തിന് ഓരോ ലോക്‌സഭാംഗത്തിന്റെയും സാന്നിധ്യം പ്രധാനമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വാറിങ്ങിന് പകരം ആരെത്തുമെന്നതും ഇതോടൊപ്പം ചര്‍ച്ചയാകുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് അധികം സമയം ശേഷിക്കാത്ത സാഹചര്യത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് പരിമിതികളുണ്ട്.
പഞ്ചാബില്‍ കേരളത്തിലെ പരീക്ഷണം ആവര്‍ത്തിക്കുമോ എന്നതില്‍ ഇനി ശ്രദ്ധ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിലേക്കാണ്.
Related News