വാഷിംഗ്ടണ്‍: അടുത്ത ആഴ്ച നടക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ ഉന്നത പ്രതിനിധികള്‍ക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങളോടെ വിസ അനുവദിച്ചു. ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കാണ് ട്രംപ് ഭരണകൂടം വിസ അനുവദിച്ചത്. ന്യൂയോര്‍ക്കിലെ യു.എന്‍ മിഷന്റെ പരിധിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും കോസ്റ്റ്കോ, സാംസ് ക്ലബ് പോലുള്ള ഹോള്‍സെയില്‍ സ്റ്റോറുകളില്‍ ഷോപ്പിംഗ് നടത്തുന്നതിനും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ് നയപ്രകാരം ആഡംബര വസ്തുക്കളുടെ വാങ്ങലിനും കര്‍ശന നിരോധനമുണ്ട്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുള്‍പ്പെടുന്ന 'കോര്‍ ഡെലിഗേഷനും' അവശ്യ സ്റ്റാഫുകള്‍ക്കുമാണ് വിസ നല്‍കിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ആറു മാസത്തിലധികമായി അമേരിക്കയും ഇറാനും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും ഈ നീക്കം നടത്തിയത് ശ്രദ്ധേയമാണ്. ചെങ്കടല്‍ മേഖലയിലെ ഹൂതി ആക്രമണങ്ങളും ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധനവിന് കാരണമായ സാഹചര്യത്തിലാണ് ഈ വിസ അനുമതി എന്നത് ശ്രദ്ധേയമാണ്.
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമെന്ന നിലയില്‍ വിദേശ നേതാക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ യു.എസിന് പരിമിതികളുണ്ടെങ്കിലും, സജീവ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ നേതാക്കള്‍ക്ക് മുന്‍കാലങ്ങളില്‍ വിസ നിഷേധിക്കുകയോ അപേക്ഷകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി അപേക്ഷിച്ച പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനും സംഘത്തിനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ നിഷേധിച്ചു. ഗാസ യുദ്ധത്തില്‍ അന്താരാഷ്ട്ര കോടതികളെയും നിയമസംവിധാനങ്ങളെയും കൂട്ടുപിടിച്ച് പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ പലസ്തീന്‍ അതോറിറ്റി ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നടപടി.
യു.എസിന്റെ ഈ തീരുമാനത്തിനെതിരെ പലസ്തീന്‍ അതോറിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ് ഇത്തരം ശിക്ഷാ നടപടികളെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് ഇത് തിരിച്ചടിയാകുമെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Related News