റിയാദ്: എന്‍.ആര്‍.കെ. ഫോറവും മൂണ്‍ഗ്ളൈഡ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ റാപ്പര്‍ വേടന്റെ 'ആരവം' മെഗാ തത്സമയ സംഗീതപരിപാടി ഒക്ടോബര്‍ 16 വെള്ളിയാഴ്ച റിയാദിലെ ദിറാബ് ഡ്രിഫ്റ്റ് പാര്‍ക്കില്‍ നടക്കും. ഒക്ടോബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ പുനഃക്രമീകരിച്ചതായി സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ വേദിയായ ദിറാബ് പാര്‍ക്കിന്റെ പരിസരങ്ങളില്‍ സൗദി ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഹൈവേ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് തീയതി മാറ്റിയത്.
ദിറാബ് മേഖല കേന്ദ്രീകരിച്ച് നടക്കുന്ന റോഡ് വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം പ്രദേശത്ത് നിലവില്‍ പൊടിപടലങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് കാണികള്‍ക്ക് ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും യാത്രാതടസ്സങ്ങള്‍ക്കും കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിപാടി മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
നിലവിലുള്ള നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ടാഴ്ചയെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരം. ഒക്ടോബര്‍ രണ്ടിലെ പരിപാടിക്കായി ടിക്കറ്റ് എടുത്തിട്ടുള്ള മുഴുവന്‍ പേര്‍ക്കും നിലവിലുള്ള അതേ പ്രവേശനച്ചീട്ട് ഉപയോഗിച്ച് ഒക്ടോബര്‍ 16-ന് പരിപാടിയില്‍ പ്രവേശിക്കാം.
വേടന് പുറമേ ആര്യ ദയാല്‍, യോഗി ശേഖര്‍, എച്ച്.ത്രീ.എം, ഡി.ജെ. സിബിന്‍, വി-ഫ്രീക്ക് എന്നിവരും മെഗാ സംഗീതപരിപാടിയില്‍ പങ്കെടുക്കും.
ഏകദേശം 20,000 പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ദിറാബില്‍ 'ആരവം' പരിപാടിക്കായി വേദി ഒരുക്കുന്നത്. സൗദി വിനോദ അതോറിറ്റിയുടെ ആവശ്യമായ അനുമതികളെല്ലാം ഇതിനകം ലഭിച്ചതായും സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. എന്‍.ആര്‍.കെ. ഫോറത്തിലെ അംഗസംഘടനകള്‍ മുഖേനയും റിയാദിലെ സമൂഹമാധ്യമങ്ങളിലെ പ്രമുഖര്‍ വഴിയുമാണ് പ്രധാനമായും വില്‍പ്പന നടക്കുന്നത്. കൂടാതെ, റിയാദിലെ പ്രമുഖ ഇന്ത്യന്‍ ഹോട്ടലുകള്‍, പോളിക്ലിനിക്കുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
50 റിയാല്‍ മുതല്‍ 1,500 റിയാല്‍ വരെയുള്ള വിവിധ ശ്രേണികളിലുള്ള ടിക്കറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രമുഖ വ്യാപാരശൃംഖലയായ മാര്‍ക്ക് ആന്‍ഡ് സേവ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. സോനാ ജ്വല്ലറി സഹപ്രായോജകരാണ്. റിയാദിലെ നിരവധി പ്രമുഖ സ്ഥാപനങ്ങളും 'ആരവം' മെഗാ സംഗീതപരിപാടിയുമായി സഹകരിക്കുന്നുണ്ട്.
പരിപാടിയുടെ തീയതി മാറ്റിവെച്ചതിലൂടെ പ്രേക്ഷകര്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ സംഘാടകര്‍ ഖേദം രേഖപ്പെടുത്തി. കൂടുതല്‍ മികച്ച സൗകര്യങ്ങളോടെയും സുരക്ഷിതമായ അന്തരീക്ഷത്തിലും സംഗീതാസ്വാദകര്‍ക്ക് 'ആരവം' സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.ആര്‍.കെ. ഫോറം ചെയര്‍മാന്‍ സി.പി. മുസ്തഫ, കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, ട്രഷറര്‍ യഹ്യ കൊടുങ്ങല്ലൂര്‍, മൂണ്‍ഗ്ളൈഡ് എന്റര്‍ടൈന്‍മെന്റ് പ്രതിനിധി ധനേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Related News