ബുറൈദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് അല്‍ ഖസീം റീജിയന്‍ കമ്മിറ്റി, ബുറൈദ കിങ് ഫഹദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തങ്ങള്‍ ജീവിക്കുന്ന രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിനൊപ്പം, വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബുറൈദ കിങ് ഫഹദ് ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ അല്‍ ഖസീമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ പങ്കെടുത്തു. വിവിധ നാടുകളില്‍ നിന്നുള്ള പ്രവാസികള്‍ ക്യാമ്പിന്റെ ഭാഗമായി രക്തം ദാനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ രാജ്യനന്മയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഐ.സി.എഫ് അല്‍ ഖസീം റീജിയന്‍ മുന്‍ വര്‍ഷങ്ങളിലും സംഘടിപ്പിച്ചു വരുന്ന രക്തദാന ക്യാമ്പ് ഇത്തവണ കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്തിയത് മാതൃകാപരവും പ്രശംസനീയവുമാണെന്ന് ക്യാമ്പിന് പിന്തുണയുമായി എത്തിയ കിങ് ഫഹദ് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ മേധാവി ഖാലിദ് അല്‍ മുശയ്യഖ് പറഞ്ഞു. കിങ് ഫഹദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് മേധാവി ഫഹദ് അല്‍ റഷീദി പ്രവര്‍ത്തകരെ സ്വാഗതം ചെയ്തു.
''Share the Gift of Life' എന്ന പ്രമേയത്തില്‍ ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദിയിലെ വിവിധ റീജിയനുകളില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളുടെ ഭാഗമായാണ് അല്‍ ഖസീമിലും ക്യാമ്പ് നടന്നത്.
ഐ.സി.എഫ് അല്‍ ഖസീം റീജിയന്‍ പ്രസിഡന്റ് ഫലീല്‍ ലത്തീഫി, സെക്രട്ടറി അബ്ദുല്ല സകാക്കര്‍, ഫിനാന്‍സ് സെക്രട്ടറി നൗഫല്‍ മണ്ണാര്‍ക്കാട്, വെല്‍ഫെയര്‍ സെക്രട്ടറി ഹനീഫ ബുകൈരിയ, നോര്‍ത്ത് ചാപ്റ്റര്‍ സെക്രട്ടറി ഷിഹാബ് സവാമ, അഡ്മിന്‍ സെക്രട്ടറി ശറഫുദ്ദീന്‍ വാണിയമ്പലം, പബ്ലിക് റിലേഷന്‍സ് മേധാവി ഷമീര്‍ സഖാഫി, മഹമൂദ് കോപ്പ, മുസ്തഫ തളിപ്പറമ്പ്, സിദ്ദീഖ് സഖാഫി, സത്താര്‍ വഴിക്കടവ്, ബാവ പരപ്പനങ്ങാടി, റഷീദ് ഹാജി കായംകുളം, മൂസ മുസ്ലിയാര്‍ മൂത്തേടം, അജീബ് മള്ഹരി, ആര്‍.എസ്.സി സോണ്‍ ചെയര്‍മാന്‍ യാസീന്‍ ഫാളിലി, സെക്രട്ടറി സഹല്‍ മണ്ണാര്‍ക്കാട്, നിസാം മാമ്പുഴ, നൂറുദ്ദീന്‍ വളാഞ്ചേരി, അബ്ദുല്‍ അസീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Related News