ദമ്മാം: 27-ാമത് ഗള്‍ഫ് കപ്പില്‍ ഒമാനെതിരെ ഏകപക്ഷീയമായ ആദ്യ പകുതിയുടെ കരുത്തില്‍ ഗംഭീര വിജയം നേടി സൗദി അറേബ്യ സെമിഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സൗദി ഒമാനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി സൗദി വിജയം ഉറപ്പാക്കുകയായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച ഫോമില തിരിച്ചെത്തിയ ഫെറാസ് അല്‍-ബ്രികാന്‍ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി സൗദിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 11-ാം മിനിറ്റില്‍ ഹെഡറിലൂടെയും 35-ാം മിനിറ്റില്‍ ഇടംകാലുകൊണ്ട് മനോഹരമായൊരു ഷോട്ടിലൂടെയുമാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. 18-ാം മിനിറ്റില്‍ ഹസന്‍ കദേഷ് ഹെഡറിലൂടെ സൗദിയുടെ രണ്ടാമത്തെ ഗോള്‍ നേടി. ഒമാന്‍ പ്രതിരോധത്തെ പൂര്‍ണ്ണമായും തകര്‍ത്ത ആദ്യ പകുതിയായില്‍ മിന്നുന്ന പ്രകടനമാണ് സൗദി കാഴ്ചവെച്ചത്.
രണ്ട് മത്സരങ്ങളില്‍ നിന്നായി ആറു പോയിന്റോടെ സൗദി അറേബ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റുള്ള ഇറാഖാണ് രണ്ടാമത്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ സൗദിയും ഇറാഖും നേര്‍ക്കുനേര്‍ വരും. ഒരു പോയിന്റ് മാത്രമുള്ള ഒമാന്‍ അടുത്ത മത്സരത്തില്‍ കുവൈറ്റിനെ നേരിടും. സെമി സാധ്യത നിലനിര്‍ത്താന്‍ ഒമാന് വിജയം അനിവാര്യമാണ്.
ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ബി മത്സരങ്ങളില്‍ യെമന്‍ ഖത്തറിനെയും, യു.എ.ഇ ബഹ്റൈനെയും നേരിടും.
Related News