തിരുവനന്തപുരം: ലിയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കം സാമ്പത്തിക ക്രമക്കേടുകളുടെ വിവാദത്തിലേക്ക് നീങ്ങിയതോടെ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം ശുപാര്‍ശ ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സഹായിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം വ്യാഴാഴ്ച മലപ്പുറത്ത് അബ്ദുറഹ്മാനെ ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സ്‌പോണ്‍സറെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സ്വകാര്യ സ്ഥാപനത്തിന് കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ നിയമസാധുത, പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്രകള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
ക്രമക്കേടുകളില്‍ തനിക്ക് പങ്കില്ലെന്നാണ് അബ്ദുറഹ്മാന്‍ അന്വേഷണസംഘത്തോട് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സ്‌പോണ്‍സറെ തെരഞ്ഞെടുക്കുന്നതിലെ ടെന്‍ഡര്‍ നടപടികള്‍ പാലിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ സ്‌പോണ്‍സറും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറും സ്വകാര്യ സ്ഥാപനത്തിന് നികുതി ഇളവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് അന്വേഷക സംഘം അദ്ദേഹത്തോട് വിശദീകരണം തേടിയത്.
അബ്ദുറഹ്മാന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറി സി. സത്യപാലന്‍, അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി ജി.ആര്‍. രമേഷ് എന്നിവരെയും നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഫണ്ടിന്റെ ഉറവിടം, വിദേശത്തേക്കുള്ള പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ടെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും ആലോചിക്കുന്നുണ്ട്.
റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഡി.ജി.പി റിപ്പോര്‍ട്ട് പരിശോധിച്ച് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കും. തുടര്‍ന്ന് സര്‍ക്കാര്‍ തുടര്‍നടപടികളില്‍ തീരുമാനമെടുക്കും.
Related News